1470-490

അതിഥി തൊഴിലാളികൾക്ക് സ്‌പെഷ്യൽ കിച്ചണുമായി എടത്തിരുത്തി


അതിഥി തൊഴിലാളികളുടെ രുചിഭേദങ്ങൾക്കനുസരിച്ച് സ്‌പെഷ്യൽ കിച്ചനുമായി രംഗത്തെത്തിയിരിക്കുകയാണ് എടത്തിരുത്തി പഞ്ചായത്ത്. എടത്തിരുത്തിയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിലാണ് ഈ സ്‌പെഷ്യൽ കിച്ചൻ. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചുവെങ്കിലും അതിഥി തൊഴിലാളികളുടെ എണ്ണം കൂടിയതോടെ അവരുടെ അഭിരുചിക്കനുസരിച്ച് പ്രത്യേകം ഭക്ഷണം തയ്യാറാക്കാനാകുമോ എന്ന ആശയത്തിൽ നിന്നാണ് ഇതിന്റെ പിറവി. ഇതിനായി ബംഗാളിൽ നിന്നും പണിക്കായി വന്ന രണ്ട് പേരെ പാചകം ആരംഭിച്ച ആദ്യ ദിവസം പാചകപ്പുരയിലേക്ക് കൊണ്ടുവന്നു. അവരുടെ അഭിരുചികളും ഭക്ഷ്യരീതിയും മനസ്സിലാക്കി. ചെറിയ വലിപ്പത്തിലുള്ള അരിയും സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ജീരകം തുടങ്ങിയവ അധികം ഉപയോഗിച്ചും ഭക്ഷണം ഉണ്ടാക്കി നൽകിയപ്പോൾ അതിഥികൾക്കും ഏറെ സംതൃപ്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സി ഡി എസ് നന്ദിനി രാമകൃഷ്ണൻ, കുടുംബശ്രീ അംഗങ്ങളായ സുരാധ, ബീന മധു എന്നിവരാണ് കിച്ചന് നേതൃത്വം നൽകുന്നത്. ഇത് കൂടാതെ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഏഴുനൂറോളം പേർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്.
ലോഡ്ജുകളിലും മറ്റും താമസിക്കുന്നവർക്കായി 20 രൂപക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ കൂടി ആരംഭിച്ചിട്ടുണ്ട്. ചെന്ത്രാപ്പിന്നി ഗവ എൽ പി സ്‌കൂളിനടുത്തുള്ള സാന്ത്വനം ഭിന്നശേഷി കുടുംബശ്രീ കൂട്ടായ്മയ്ക്കാണ് ഇതിന്റെ ചുമതല. വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഗീത മോഹൻദാസ്, കുടുംബശ്രീ അംഗം സിന്ധു ഷാജി എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വനിതകളാണ് ജനകീയ ഹോട്ടലിന് നേതൃത്വം നൽകുന്നത്. ഭക്ഷണം ആവശ്യമുള്ളവർ രാവിലെ ഒമ്പതിന് മുൻപായി ബുക്ക് ചെയ്യണം. രാവിലെ 11 മണി മുതൽ രണ്ടുമണി വരെയാണ് ചോറ് വിതരണം. ഉച്ചനേരത്ത് ആവശ്യക്കാരായി വരുന്ന കുറച്ച് പേർക്ക് കൂടി ചോറ് അധികമായി ഉണ്ടാക്കുന്നുണ്ട്. എടത്തിരുത്തി പഞ്ചായത്തിൽ ഇതോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് കിച്ചനുകളാണ് പ്രവർത്തിക്കുന്നത്.

Comments are closed.