ഒരു കൊറോണക്കഥ

അജയ് മേനോന്
അങ്ങനെ ഒരു കൊറോണക്കാലത്ത് :
“എടീ അനുവേ, ഒരു ചായ താടീ, ദാഹിച്ച് ഞാനിപ്പം മരിക്കുവേ” ഉമ്മറത്ത് കിടന്ന പത്രം എടുത്ത് ഡെറ്റോള്‍ തെളിച്ച് ശുദ്ധമാക്കി ഞാന്‍ ചാരുപടിയില്‍ അന്തിച്ചിരിപ്പാണു. ഇന്നത്തെ പ്രൊഗ്രാംസ് തൊടങ്ങണേല് ചായ കിട്ടാതെ പറ്റൂല. പിള്ളേര്‍സ് രണ്ടും സുഖ നിദ്രയിലാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പതിനൊന്ന്. ആഹാ, എത്ര മനോഹരമായ കോറോണാ ദിനങ്ങ്ള്.
“ഇതിപ്പ എത്രാമത്തെ ചായയാ മനുഷേനെ, എന്നെക്കൊണ്ടൊന്നും പറെപ്പിക്കല്ലെ, നേരം ഉച്ചയായി, ഇനി ചായ വേണേ അനത്തിക്കുടി” അവളുടെ അന്ത്യശാസനം. നൊ രക്ഷ, ഇനി ചായ കിട്ടൂല്ല മോനെ. പത്രത്തില്‍ കൊറോണാ മരണക്കണക്കുകള്‍. ഹൊ, എന്നാലും എന്റെ കൊറോണെ.തൊട്ടടുത്ത് ബോക്സ് ന്യൂസ്. മേരെ പ്യാരെ ദേശ് വാസിയോം ,ഇന്ന് രാത്രി ഒന്‍പത് മണിക്ക് എല്ലാവരും വൈദ്യുത വിളക്കുകള്‍ അണച്ച് ടോര്ച്ചൊ, മെഴുതിരിയൊ കത്തിച്ച് ഒന്‍പത് മിനിട്ട് വീടിനു പുറത്ത് നില്‍ക്കണം. അത് നന്നായി. അന്ന് ലോക്കൌട്ടിനു മുന്‍പ് എല്ലാരും കൈ അടിക്കണം ന്ന് പറഞ്ഞപ്പോള്‍ അക്ഷരം പ്രതി അനുസരിച്ചവനാണു താന്‍. ‘ മേരാ ഭാരത്ത് മഹാന് .ചിന്തകള്‍ ചന്തക്ക് പോകാന്‍ തുടങ്ങുമ്പോളാണ് അവറാന് കൂവിക്കൊണ്ട് വന്നത്.” നല്ല പെടക്കണ ചാള വേണോ സാറെ” അവന് ഗേറ്റില്‍ മൊപ്പെഡ് നിര്‍ത്തി .
അകത്ത് നിന്നും അനു എന്ന എന്റെ ധര്‍മ്മദാരം പാത്രവും കൊണ്ട് വന്നെത്തി. അവള്‍ക്ക് ഭയങ്കര സെന്‍സസാ. കാതും കണ്ണും എന്തും കേള്‍ക്കും, കാണും, വേണ്ടതും വേണ്ടാത്തതും എന്ന് മാത്രം.
ഒരു പ്രണയകാലത്ത് അവളോട് നീ എന്റെ ധര്മ്മദാരമല്ലേ എന്ന് കവി വാക്യത്തില്‍ ചൊല്ലിയതിനു കിട്ടാത്തചീത്തയില്ല.
“ഹും ധര്‍മ്മം പോലും, ചക്കച്ചൊളപോലെ ലക്ഷം രണ്ടാ നിങ്ങടെ ചത്തുപോയ കാര്ന്നോര് എണ്ണി വാങ്ങിയെ, എന്റച്ഛന് പാവായത് നിങ്ങടെ ഭാഗ്യം. “
അങ്ങനെ ധര്‍മ്മമല്ലാത്ത ദാരം പാത്രത്തില്‍ മീനും വാങ്ങി അടുക്കളയിലേക്ക് പോയി.
“സാറെ പെട്ടെന്ന് കാശുതാ, ഇനി എപ്പഴാ മീന്‍ അവശ്യ സറ്വീസല്ലാന്ന് പറയാന്നറീല്ല”
അകത്ത് ചെന്ന് കാശെടുത്ത് കൊടുക്കുമ്പോള്‍ അവറാന് തന്റെ ട്രൌസര്‍ കീശയില്‍ നിന്ന് സാനിറ്റൈസര്‍ സ്പ്റെ എടുത്ത് നോട്ടില്‍ തളിച്ചു, എന്നിട്ടത് പര്സില് തിരുകി. “പണി എപ്പഴാ കിട്ട്വന്നറില്ലല്ലോ സാറെ” അവറാന് കൂവിക്കൊണ്ട് മുന്നോട്ട്.
അകത്ത് ചെന്നപ്പോള്‍ ഭാര്യാസ് ചാള എന്ന അവശ്യ സാമഗ്രി ഡെറ്റോളില്‍ കഴുകുന്നു.
“നീ എന്നാ കാട്ടുവാടീ, മീനൊക്കെ പിന്നെ കഴിക്കാങ്കൊള്ളത്തില്ല ഹും”
“നിങ്ങക്ക് പറയാം.കൊറോണ പിടിച്ച് ചാകാന്‍ എനിക്ക് മനസ്സില്ല. എനിക്ക് വയസ്സ് മുപ്പത്തി രണ്ടെയൊള്ളു, നിങ്ങളെ പ്പോലെ നരച്ചുകൊരച്ചില്ല, ഹും, എന്റെ ആറ്റുകാലമ്മച്ചി, എത്ര നല്ല ആലോചനകള്‍ വന്നതാ, എന്റെ ഒരു യോഗം ഹും” അവളുടെ വായില്‍ നിന്ന് വേണ്ടത് കിട്ടിയപ്പോള്‍ ഒന്നും മിണ്ടാതെ ഉമ്മറത്ത് പോയി മിഴുങ്ങസ്യാന്ന് ഇരുന്നു. പിള്ളേര്‍സ് വണ്‍ ബൈ വണ്‍ ആയി അവതരിച്ചു.
“കൊറോണന്‍ പോയോ ഡാഡീ” മൂത്തവന് കണ്ണും തിരുമ്മി വന്നു.
“ഉം എന്താടാ”
“അല്ല ഞങ്ങടെ മാച്ചാ ഞായറാഴ്ച്ച. “
“നിന്റെ മാച്ചും കോച്ചുമൊന്നും നടക്കേല.”
അവന് വിഷണ്ണവിമുഖനായി അകത്തേക്ക് പോയി.
ഇളയവള്‍ ആയിരുന്നു നെക്സ്റ്റ്. അവള് വന്ന് തന്റെ മടിയില്‍ കയറി ഇരുന്നു. “നീ പല്ലു തേച്ചോടീ”
“ഉം ഉം. എന്തിനാ പല്ല് തേക്കണെ. ഇപ്പൊ സ്കൂളീപ്പോണ്ടല്ലോ “
ആഹാ എന്തു നല്ല ഉത്തരം. കൊറോണാ നിനക്ക് സ്വസ്തി .
അങ്ങനെ വല്യ സംഭവങ്ങള്‍ ഒന്നും ഇല്ലാതെ മറ്റൊരു ദിവസവും ചങ്കും തള്ളി കടന്ന്പോയി.
വൈകിട്ടത്തേക്ക് ഒരു മെഴുതിരി സംഘടിപ്പിക്കണം. സ്റ്റോര്‍ റൂമില്‍ ചെന്ന് ഷെല്‍ഫുകള്‍ പരതി. ഒടുവില്‍ കിട്ടി. മുഴുത്ത ഒരെണ്ണം. അത്താഴം കഴിഞ്ഞ് താന്‍ ഉമ്മറത്ത് മാനത്ത് കണ്ണും നട്ട് നക്ഷത്രങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി. പിള്ളേര്‍സ് മൊബൈലില്‍ തകൃതിയായി പബ്ജി കളിക്കുന്നു. അവള് ടി വി തുറന്ന് പ്രിയപ്പെട്ട സീരിയല്‍ കണ്ട് സായൂജ്യമടയുന്നു. വെറുതെ കുഞ്ഞ് സ്ക്രീനിലേക്ക് നോക്കി. അവിടെ അമ്മായിയമ്മേ വിട എന്ന സീരിയലിന്റെ ക്ലൈമാക്സ് രംഗമാണ്. അമ്മായി അമ്മ മരുമകള്‍ പാത്തുവച്ച പാലില്‍ വിം കലക്കുന്നു. അത് മരുമകള്‍ അറിയുന്നില്ല. ഈ രംഗം കണ്ട് എന്റെ ശ്രീമതി “ ഹും, തള്ളെ, കാണിച്ചുതരാമെടീ,നിന്നെ” എന്നും പറഞ്ഞ് അകത്ത് ചെന്ന് ചൂല് എടുത്തും കൊണ്ട് വരുന്നു. അപ്പോഴാണ് രംഗത്തിന്റെ തീവ്രത മനസ്സിലായത്. അവള് ചൂലിനിട്ട് ടിവിക്ക് താങ്ങും . തീര്‍ച്ച.
സമയം ഒന്‍പത്. കുഞ്ഞു സ്ക്രീനില്‍ മരുമകള്‍ പാല് എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നോക്കി കുടിക്കാന്‍ തുടങ്ങുന്നു.
അപ്പോഴാണ് ബാധോദയം ഉണ്ടായത്. മേരെ ദേശ് വാസിയൊം…
ചാടിച്ചെന്ന് മെഴുതിരി കത്തിച്ച് വാണം വിട്ടപോലെ ഉമ്മറത്തേക്ക് കുതിച്ചു. പിന്നെ അതേ സ്പീഡില്‍ മെയിന്‍ സ്വിച്ച് ടപ്പേന്ന് ഓഫ് ചെയ്തു.
ധിം തരികിട തോം. തതസമയം ഇത്യാദി സംഭവാമി.
അനു ചൂലുകോണ്ട് ടിവീയിലെ അമ്മായിയമ്മക്ക് താങ്ങുന്നു. ടി വി ഓഫ് ആകുന്നു. “ഈ കറണ്ട് പണ്ടാരടങ്ങാന്‍ കണ്ട നേരം “ അവള് തലയില്‍ ചൂല് വച്ച് പ്രാകുന്നു. പിള്ളേര്‍സ് ഞെട്ടി പബ്ജിയുടെ വെടിയേറ്റ് അയ്യൊന്ന് കരയുന്നു.
അല്‍പ്പം കഴിഞ്ഞപ്പൊ അനു ഉമ്മറത്തേക്ക് വന്നു. അവള് തൊട്ടയല്‍ വക്കത്തെ വീടുകളില്‍ ലൈറ്റ് കാണുന്നു. താന്‍ ദേശ് കാ ദൌത്യം കഴിഞ്ഞ് മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ തുടങ്ങുന്നു.
പിന്നെ ക്ലൈമാക്സ്. ഞാന്‍ മുന്നിലും അവള് ചൂലുമായി പിന്നിലും .
എന്നാലും എന്റെ കൊറോണെ.
Comments are closed.