1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രോഗികളിലൊരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു

വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരും ജനപ്രതിനിധികളും യാത്രയയപ്പ് നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി മലപ്പുറം ജില്ലയില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ അസുഖം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്കു മടങ്ങി. കോവിഡ് 19 അതിജീവിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയായ 50 വയസുകാരിയാണ് ആശുപത്രി വിട്ടത്. നിറകണ്ണുകളോടെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാറിനും നന്ദി പറഞ്ഞുകൊണ്ട് ഇന്നലെ (മാര്‍ച്ച് 06) രാവിലെ 10 മണിയോടെയാണ് ഇവര്‍ ചെറുകാടുള്ള മകളുടെ വീട്ടിലേക്ക് മടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ തുടങ്ങിയവരും ഇവരെ യാത്രയാക്കാന്‍ എത്തിയിരുന്നു.

ഉംറ കഴിഞ്ഞ് തിരിച്ചു വന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ്് മറിയക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.  മാര്‍ച്ച് 16നാണ് ഇവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. റിസല്‍റ്റ് നെഗറ്റീവായി മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇനിയും 14 ദിവസം ഹോം ക്വാറന്റൈനില്‍ തുടരാനാണ് ആശുപത്രി അധികൃതര്‍   നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയായാണ് ഇവര്‍ തിരിച്ചു പോകുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി പറഞ്ഞു.

പൂര്‍ണമായും രോഗവിമുക്തി നേടിയതില്‍ സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും പ്രത്യേകിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോടും നന്ദി രേഖപ്പെടുത്തുന്നതായി ഇവരെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങള്‍ അറിയിച്ചു.

Comments are closed.