1470-490

കൊറോണാക്കാലത്തും കൃഷിയ്ക്ക് മുടക്കം വരുത്താത്തൊരു പോലീസ് സബ് ഇൻസ്പെക്ടറെ പരിചയപ്പെടാം.

പോലീസിനിത് തിരക്കൊഴിയാത്ത കാലമാണ്. അർഹതപ്പെട്ട ലീവ് പോലും ലഭിക്കാതെ,  പതിവിലുമേറെ അധ്വാനമുള്ള കാലം. പുലർച്ചെ മുതൽ പാതിരവരേയും ചിലപ്പോൾ അതിലുമേറെയും ജോലിയുള്ള കാലം. നാട്ടിലെ ക്രമസമാധാനം മാത്രം പാലിച്ചാൽ പോരാ പോലീസിനിപ്പോൾ, കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയേണ്ട വലിയ ഉത്തരവാദിത്തവുമുണ്ട്. പക്ഷേ, കാലം അനുകൂലമല്ലെങ്കിലും മണ്ണിൽ പൊന്നുവിളയിക്കുകയാണ് ആളൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.കെ. രഘു. ആനന്ദപുരത്തെ പാടശേഖരത്തിൽ  പച്ചക്കറിയിൽ നൂറുമേനി വിളയിച്ചെടുക്കുകയാണ് ഇദ്ദേഹം. പിതൃസ്വത്തായി ലഭിച്ച 40 സെന്റിലാണ് ഇദ്ദേഹത്തിന്റെ കൃഷി. കർഷകനായിരുന്ന പിതാവ് കയ്പഞ്ചേരി കുട്ടപ്പന്റെ പാത പിന്തുടർന്നാണ് രഘുവും കൃഷിയിലെത്തിയത്. കുട്ടിക്കാലത്തേ മാതാപിതാക്കൾക്കൊപ്പം കൃഷിയിടത്തിലിറങ്ങിയ അനുഭവസമ്പത്താണ് ഔദ്യോഗികമായ വലിയ തിരക്കുകൾക്കിടയിലും കൃഷിപ്പണിയിൽ താൽപ്പര്യം നിലനിൽക്കാൻ കാരണം. ജോലിയ്ക്കിടയിൽ വീണു കിട്ടുന്ന ചെറിയ ഇടവേളകൾ കൃഷിയിടത്തിൽ ചിലവിടാനാണ് ഇദ്ദേഹത്തിന് താൽപ്പര്യം. വെണ്ട, ചീര, പാവൽ, പടവലം, മത്തൻ, കുമ്പളം എന്നു തുടങ്ങി നിരവധി പച്ചക്കറികൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിറഞ്ഞു വിളയുന്നുണ്ട്. പാടശേഖരത്തിൽ ഒരു പൂവ് നെൽകൃഷിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. ഭാര്യ രേഖയും മകൾ മേഘയും കൃഷിയിൽ ഇദ്ദേഹത്തിന് പിന്തുണയുമായി ഒപ്പമുണ്ട്

Comments are closed.