1470-490

വിളിക്കൂ വീട്ടിലെത്തിക്കാം പദ്ധതിയുമായി കൊടകര ഗ്രാമപഞ്ചായത്ത്


ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വിളിക്കൂ വീട്ടിലെത്തിക്കാം ഹോം ഡെലിവറി സർവീസുമായി കൊടകര ഗ്രാമപഞ്ചായത്ത്. രണ്ടാഴ്ചയായി 150 പേർക്ക് അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചുകൊടുത്ത് മാതൃകയാവുകയാണ് കൊടകര ഗ്രാമ പഞ്ചായത്ത്. പലവ്യഞ്ജനങ്ങളും പച്ചക്കറിയും മരുന്നുകളും ഉൾപ്പെടെ ഏത് അവശ്യ വസ്തുക്കളും ഫോൺ കാൾ, വാട്സാപ്പ് എന്നിവയിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന പദ്ധതിയാണിത്. പഞ്ചായത്ത് ജനമൈത്രി പോലീസും ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഹോം ഡെലിവറി സർവീസ് നടപ്പിലാക്കുന്നത്. രാവിലെ 8 മുതൽ 11 വരെ ഓർഡർ സ്വീകരിക്കുന്നു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് സാധനങ്ങൾ ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചുകൊടുക്കും. ഓർഡർ നൽകിയവ കയ്യിൽ കിട്ടിയതിന് ശേഷം പണം നൽകിയാൽ മതിയാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഓർഡർ സ്വീകരിക്കുന്നത്. അവശ്യ മരുന്നുകൾക്കായി എല്ലാ ദിവസവും സർവീസ് നടത്തുന്നു. പ്രത്യേകമായി സർവീസ് ചാർജ് ഒന്നും തന്നെ ഈടാക്കുന്നില്ല. പഞ്ചായത്തിലെ 19 വാർഡിലും ഹോം ഡെലിവറിക്കായി വളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 പേരടങ്ങുന്ന സംഘം ഇതിന് മാത്രമായി പ്രവർത്തിക്കുന്നു. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാവർക്കും വേണ്ട അവശ്യ സാധനങ്ങൾ കുറഞ്ഞ സമയംകൊണ്ട് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ് വിളിക്കൂ വീട്ടിലെത്തിക്കാം ഹോം ഡെലിവറി സർവീസ് കൊണ്ടുദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ പറഞ്ഞു. ലോക്ക് ഡൗൺ തീരുന്നതുവരെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.