കേന്ദ്രത്തിന്റെ റേഷന്‍ വിഹിതം 20 മുതല്‍, ആളൊന്നിന് 5 കിലോ അരിയും കാര്‍ഡൊന്നിന് ഒരു കിലോ പയറും.

തിരുവനന്തപുരം:ഈ മാസം 20 മുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിലെ (മഞ്ഞ, പിങ്ക് ) ആളൊന്നിന് അഞ്ച് കിലോ അരിയും കാര്‍ഡിന് ഒരുകിലോ പയറും സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണമാണിത്.
ഈ വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും റേഷന്‍കടകള്‍ വഴി ലഭിക്കും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന വിഹിതത്തിന് പുറമെയാണ് അന്ത്യോന്തയ, മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. അതേസമയം നീല, വെള്ളകാര്‍ഡുകാര്‍ക്ക് (മുന്‍ഗണനേതര വിഭാഗം) കേന്ദ്രവിഹിതം ഉണ്ടാകില്ലെന്നും അവര്‍ക്ക് ഈ മാസം 30വരെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന 15 കിലോ അരി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ആകെയുള്ള 87.28 ലക്ഷം കാര്‍ഡുകളില്‍ 55.44 ലക്ഷം കുടുംബങ്ങള്‍ ഇതുവരെ സൗജന്യ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. 89734 മെട്രിക് ടണ്‍ അരിയും 1012 മെട്രിക് ടണ്‍ ഗോതമ്പുമാണ് ഇന്നലെ വരെ വിതരണം ചെയ്തത്. 12.27 ലക്ഷം പേര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കുവേണ്ടി 91 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.
ഇന്ന് 12.56 ലക്ഷം കാര്‍ഡുടമകളാണ് സാധനങ്ങള്‍ കൈപ്പറ്റിയത്. നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ചയും റേഷന്‍ കടകള്‍വഴി ഭക്ഷ്യധാന്യവിതരണമുണ്ടാകും. ഭക്ഷ്യധാന്യങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ക്ഷാമവും സംസ്ഥാനത്തില്ല. സ്റ്റോക്ക് തീരുന്ന മുറക്ക് തന്നെ കടകളില്‍ സാധനമെത്തിക്കാന്‍ ഗോഡൗണ്‍ തൊഴിലാളികടക്കം അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. കൃത്യഅളവില്‍ സൗജന്യ റേഷന്‍ നല്‍കാത്ത കടകള്‍ക്കെതിരെ പരാതികള്‍ ലഭിച്ച മുറയ്ക്ക് നടപടിയെടുത്തിട്ടുണ്ട്. ലീഗല്‍ മെട്രോളജിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നുവരികയാണ്.
വാതില്‍പ്പടി വിതരണം നടത്തുമ്പോള്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കരാറുകാര്‍ കടയുടമയെ തൂക്കി ബോധ്യപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം കര്‍ശന നടപടിയുണ്ടാകും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് പരമാവധി അഞ്ച് കിലോഗ്രാം അരിയോ അതല്ലെങ്കില്‍ നാല് കിലോ ആട്ടയോ ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Comments are closed.