1470-490

കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ ഇന്ന് 5 പോസിറ്റീവ് കേസുകള്‍; ഒരാള്‍ക്ക് അസുഖം ഭേദമായി

നിരീക്ഷണത്തില്‍ തുടരുന്നത് 21,934 പേര്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (05.04.2020)അഞ്ചു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇവരില്‍ 4 പേര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. കോഴിക്കോട് സ്വദേശിയായ ഒരാള്‍ ഇന്ന് അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ തുടരുന്ന ജില്ലക്കാരുടെ എണ്ണം 9 ആയി. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു കാസര്‍കോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും പോസിറ്റീവായി ചികിത്സയില്‍ തുടരുന്നുണ്ട്.

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരില്‍ നാല് പേര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ്. പന്നിയങ്കര (28 വയസ്സ്), പേരാമ്പ്ര (20 വയസ്സ്), കുറ്റിയാടി (53 വയസ്സ്), കൊളത്തറ (63 വയസ്സ്) സ്വദേശികളാണ് ഇവര്‍. ഇവരില്‍ ആദ്യ മൂന്ന് പേര്‍ മാര്‍ച്ച് 22 ന് നവയുഗ് എക്‌സ്പ്രസില്‍ ഒരുമിച്ച് കോഴിക്കോട് എത്തിയവരാണ്. നാലാമത്തെ വ്യക്തി
മാര്‍ച്ച് 15 ന് നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസിലാണ് വന്നത്. മകന്റെ കാറില്‍ വീട്ടിലേക്കു പോയി. നാല് പേരും കര്‍ശനമായ നിരീക്ഷണത്തിലായിരുന്നതിനാല്‍ അധികപേര്‍ സമ്പര്‍ക്കത്തിലായിട്ടില്ല. നാലു പേരെയും ഏപ്രില്‍ 3 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് പേര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി നാദാപുരം (56 വയസ്സ്) സ്വദേശിയാണ്. മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയാണ് കോഴിക്കോട് എത്തിയത്. കാറിലാണ് വീട്ടിലെത്തിയത്. ശക്തമായ നിരീക്ഷണത്തിലിരിക്കെ ഏപ്രില്‍ 2 ന് ആംബുലന്‍സില്‍ പോയി നദാപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 4 ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ പരിമിതമാണെന്നും എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിസാമുദ്ദീനുമായി ബന്ധപ്പെട്ട 13 പേരാണ് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 9 പേര്‍ നെഗറ്റീവാണ്. നാല് പേരാണ് പോസിറ്റീവായത്.

ഇന്ന് 15 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 356 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 334 എണ്ണത്തിന്റെ ഫലം ലഭിച്ചു. 319 എണ്ണം നെഗറ്റീവ് ആണ്. 22 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും ബീച്ച് ആശുപത്രിയില്‍ ഒരാളും ഉള്‍പ്പെടെ ആകെ 34 പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 12 പേര്‍ ഇന്ന് (05.04.2020) പുതുതായി ആശുപത്രിയില്‍ എത്തിയവരാണ്. 10 പേരെ മെഡിക്കല്‍ കോളേജില്‍നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

കൊറോണ ഹോട്‌സ്‌പോട്ട് ജില്ലകള്‍ക്കായി ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു. മാനസിക സംഘര്‍ഷം കുറയ്ക്കുതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 11 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുതിന്റെ ഭാഗമായി 490 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി

സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്‌സ്ആപ്പിലൂടെയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മുക്കം, മാവൂര്‍, കുന്ദമംഗലം, ചൂലൂര്‍ പഞ്ചായത്ത് പരിധിയില്‍ മൈക്ക് പ്രചാരണം നടത്തി.

Comments are closed.