1470-490

പ്രതിരോധത്തിന് 24 മണിക്കൂർ സേവനങ്ങളുമായി വാട്ടർ അതോറിറ്റി


തൃശ്ശൂരിലെ 112 കുടിവെള്ള പദ്ധതികളും പ്രവർത്തനക്ഷമമാക്കിയാണ് കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ജല അതോറിറ്റി പങ്കാളികളാകുന്നത്. കോവിഡ് 19ന്റെ ഭാഗമായ ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങളെല്ലാം വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ആവശ്യം കൂടുതലാണ്. അതിനാൽതന്നെ കുടിവെള്ള വിതരണം മുടക്കം വരുത്താതെ നടത്തുകയാണ് വാട്ടർ അതോറിറ്റി.
220 ദശലക്ഷം ലിറ്റർ വെള്ളമാണ് ജല അതോറിറ്റി ഓരോദിവസവും വിതരണം ചെയ്യുന്നത്. ജില്ലയിലെ ജലസ്രോതസ്സുകളിൽ വെള്ളത്തിന് ക്ഷാമമില്ല. എങ്കിലും ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശ്ശൂർ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പൗളി പീറ്റർ പറഞ്ഞു. 130 പമ്പ് ഹൗസുകളിലെ ജീവനക്കാരെല്ലാം മുടക്കം വരാതെ കോവിഡ് സമയത്തും ജോലി തുടരുകയാണ്.
ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മോട്ടോർ അറ്റകുറ്റപ്പണികൾ, പൈപ്പ് ലൈൻ ചോർച്ചകൾ എന്നീ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ട് കുടിവെള്ളം ഉറപ്പാക്കുന്നു. യാത്ര ചെയ്യാനുളള അസൗകര്യം കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ്, വാട്സ്ആപ്പ് എന്നിവയിലൂടെയാണ് ജില്ലാ ജല അതോറിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. പഞ്ചായത്തുകളിലേക്ക് ടാങ്കർ ലോറിയിൽ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിനായി 12 വെന്റിങ് പോയിന്റുകൾ ജില്ലയിൽ പലയിടങ്ങളിലായി ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ സേനയുമായി സഹകരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജെറി കാനിലും കുടിവെള്ളം എത്തിക്കുന്നുണ്ട്.

Comments are closed.