1470-490

കാരുണ്യ പ്രവർത്തനങ്ങളിൽ വളാഞ്ചേരിക്കാരുടെ നന്മ കരുതലിന്റേത് – സുരേഷ് പൂവാട്ടു മീത്തൽ

വളാഞ്ചേരി: വളാഞ്ചേരിക്കാരുടെ കൂട്ടായ്മയിൽ നഗരസഭയിലെ 2273 അന്തർ സംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ കാലത്ത് സുഭിക്ഷമായി ഭക്ഷണം കഴിക്കും.
പോലീസ്‌ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ ഐ ജി പി. വിജയൻ ന്റെ നേതൃത്വത്തിൽ, സംസ്ഥാനത്ത്‌ ആരംഭിച്ച ‘ഒരു വയറൂട്ടാം’ (Feed a Stomach) പദ്ധതി വിജയിപ്പിക്കുവാൻ വളാഞ്ചേരിക്കാർ ഒറ്റ മനസ്സുമായി ഇറങ്ങുകയായിരുന്നു. നഗരസഭയിലെ 33 വാർഡുകളിലെയും അന്തർ സംസ്ഥാന തൊഴിലാളികളെ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും അവരുടെ ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്തു. ഇങ്ങനെ കണ്ടെത്തിയ 2273 തൊഴിലാളികൾക്കും രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണക്കിറ്റുകൾ തയ്യാറാക്കുന്നതിന് ഡോ. എൻ.എം. മുജീബ്‌ റഹ്‌മാന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ കൂട്ടായ്‌മകൾ ഒമ്പത് ലക്ഷത്തോളം രൂപ സ്വരൂപിച്ചു. പദ്ധതി വിജയിപ്പിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവാസികൾ, വ്യാപാരികൾ, ജനപ്രതിനിധികൾ, ഡോക്ടർമാർ, സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങി. വഖഫ്‌ ബോർഡ്‌ മൂന്നാക്കൾ പള്ളിയിൽ നിന്നും വളാഞ്ചേരി നഗരസഭക്ക് അനുവദിച്ച 100 ചാക്ക്‌ അരി ‘ഒരു വയറൂട്ടാം’ പദ്ധതിയിലേക്ക് നഗരസഭയും കൈമാറി. അരി, പഞ്ചസാര, ചായപ്പൊടി, ആട്ട, പരിപ്പ്‌, കടല, ഓയിൽ, മസാലപ്പൊടികൾ എന്നിവയുൾപ്പെടെ പതിനഞ്ച്‌ ദിവസത്തേക്ക്‌ ഒരാൾക്ക്‌ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ് തയ്യാറാക്കുകയും വൊളണ്ടിയർമാർ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയും ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സമൂഹ അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും തൊഴിലാളികൾ, കിടപ്പിലായ രോഗികൾ ഉൾപ്പെടെ, ഭക്ഷണം ആവശ്യമുള്ള 600 ലധികം ആളുകൾക്ക് രണ്ടു നേരങ്ങളിലായി ആഹാരം വിതരണം ചെയ്യുന്നുണ്ട്. . തയ്യാറാക്കിയ ഭക്ഷണം പാക്കറ്റുകളാക്കാനും ആവശ്യക്കാരെ കണ്ടത്തി എത്തിച്ചു നൽകുന്നതിനും തെരഞ്ഞെടുത്ത വൊളണ്ടിയർമാർ രംഗത്തുണ്ട്. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പാലിയേറ്റീവ് വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമാണ് വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ, നിർധനരായ രോഗികൾക്ക് മരുന്ന് എത്തിക്കുവാൻ ഡ്രഗ് ബാങ്ക് സ്ഥാപിച്ച കൃത്യമായ ദിവസങ്ങളിൽ മരുന്ന് നൽകുന്ന ചെഗുവേര ഫോറവും വീട് നിർമ്മാണമുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവമാണ്. റെഡ് ആർമി, ഖിദ്മ എന്നിവ കാവുംപുറത്തും, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി കരിങ്കല്ലത്താണിയിലും, ഗ്രീൻ പവർ , ഹറമേൻ ചാരിറ്റബിൾ ട്രെസ്റ്റ് കുളമംഗലത്തും, പാണ്ടികശാലയിലെ ടി.പി. മുഹമ്മദ് മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും കാരുണ്യ രംഗത്തെ പ്രവർത്തന മികവ് കൊണ്ട് ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മാരക രോഗം പിടിപ്പെട്ട് ലക്ഷങ്ങൾ ചെലവ് വരുന്ന നിർധന രോഗികൾക്കും ചികിത്സാ ധനസഹായം ലഭ്യമാക്കുന്നതിനുള്ള ആശാ കേന്ദ്രമാണ് വളാഞ്ചേരി. ചികിത്സാ ധനസഹായം സ്വരൂപിച്ചു കൊടുക്കുന്നതിൽ വിവിധ ക്ലബ്ബുകൾ സജ്ജീവമായി രംഗത്തുണ്ട്. നിർധനർക്ക് വീട് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലും വാട്സ് ആപ്പ് ഉൾപ്പെടെയുള്ള കൂട്ടായ്മകൾ സജ്ജീവമാണ്. രാഷ്ട്രീയമോ, ജാതിയോ, മതമോ നോക്കാതെ മനുഷ്യത്വം മാത്രം വിലയിരുത്തി ഇവർ പരസ്പര സഹായം ചെയ്ത് രംഗത്തുണ്ടാകുമെന്നതും വളാാഞ്ചേരിയുടെ പ്രത്യേകതയാണ്.

Comments are closed.