1470-490

ഭക്ഷ്യവിഭവ കിറ്റ് വിതരണം: ആലോചനയോഗം ചേർന്നു


സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യവിഭവക്കിറ്റ് വിതരണം സുഗമമാക്കാൻ കയ്പമംഗലം മണ്ഡലത്തിൽ ആലോചനായോഗം ചേർന്നു. ഓരോ പഞ്ചായത്തിനും സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകൾ ശേഖരിക്കാനും പാക്ക് ചെയ്യുവാനും ആവശ്യമായ ഗോഡൗൺ സപ്ലൈ ഓഫീസറും പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിമാരും കൂടി പരിശോധിച്ച് സജ്ജമാക്കും. ഭക്ഷ്യ വിഭവങ്ങൾ പാക്ക് ചെയ്യുന്നത് കുടുംബശ്രീ പ്രവർത്തകരുടെ സഹായത്താലാണ്.
തുടർന്ന് ഓരോ വാർഡിലെയും വളണ്ടിയർമാർ, അങ്കണവാടി ടീച്ചർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ സഹായത്താൽ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുടമകൾക്ക് മുൻഗണന പ്രകാരം വിതരണം ചെയ്യും. പഞ്ചസാര 1 കിലോ, ചായപ്പൊടി 250 ഗ്രാം, ഉപ്പ് 1 കിലോ, ചെറുപയർ 1 കിലോ, കടല 1 കിലോ, വെളിച്ചെണ്ണ 1/2 കിലോ, ആട്ട 2 കിലോ, റവ 1 കിലോ, സോപ്പ് 2 എണ്ണം, ഉഴുന്ന് 1 കിലോ, സൺ ഫ്‌ളവർ ഓയൽ 1 കിലോ, മഞ്ഞൾപ്പൊടി 250ഗ്രാം, പരിപ്പ് 250ഗ്രാം, മുളക്പ്പൊടി, മല്ലിപ്പൊടി, ഉലുവ, കടുക്, തുടങ്ങിയവ 100 ഗ്രാം വീതവുമാണ് ഇപ്പോൾ വിതരണം ചെയ്യുക.
മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റുമാർ, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈസ് ഓഫീസർ ഐ വി സുധീർ കുമാർ, സപ്ലൈകോ ജൂനിയർ മാനേജർ കെ രാധാകൃഷ്ണൻ, മതിലകം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ വിനീത സോമൻ, സപ്ലൈകോ പെരിഞ്ഞനം ബ്രാഞ്ച് മാനേജർ ഇല്ല്യാസ്, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.