1470-490

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്


ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36 കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
വീടുകളിൽ 14033 പേരും ആശുപത്രികളിൽ 40 പേരും ഉൾപ്പെടെ ആകെ 14073 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രിൽ 3) 194 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
വെളളിയാഴ്ച (ഏപ്രിൽ 3) 29 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 785 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 734 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 318 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ഏപ്രിൽ 3) 192 പേർക്ക് കൗൺസലിംഗ് നൽകി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. ദ്രുതകർമ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വെളളിയാഴ്ച (ഏപ്രിൽ 3) 4123 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി വരുന്നവരെ ആരോഗ്യ വകുപ്പ് സക്രീനിങ്ങ് നടത്തി.
സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് വാർഡുകൾ അണുവിമുക്തമാക്കി. ട്രഷറി, പഞ്ചായത്ത് ഓഫീസ്, ബാങ്കുകൾ, കെഎസ്ഇബി, എടിഎം കൗണ്ടറുകൾ, ഹോമിയോ-ആയൂർവേദ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിലും അണുവിമുക്തമാക്കുന്ന പ്രവൃത്തി തുടർന്നു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2363 പേരെയും മത്സ്യചന്തയിൽ 858 പേരെയും സ്‌ക്രീൻ ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അഗതികളെ പാർപ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും സ്‌ക്രീനിങ്ങും ബോധൽക്കരണവും നടത്തുന്നുണ്ട്.
ഡെങ്കിപ്പനി പടരാനുളള സാധ്യത കണക്കിലെടുത്ത് വീടുകളിൽ ഇരിക്കുന്നവർ ശ്രദ്ധ ചെലുത്തണം. വീടും പരിസരവും വൃത്തിയാക്കുക, കൊതുകു വളരുന്ന സാഹചര്യങ്ങൽ ഒഴിവാക്കുക എന്നീ കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കണം. അന്തരീക്ഷ താപനില കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങുന്നില്ലെങ്കിൽ കൂടി ധാരാളം വെളളം കുടിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

കോവിഡ് 19: മാളയിൽ പരിഭ്രാന്തരാവേണ്ട
സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ
മാളയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിൽ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. പരിശോധനാ ഫലം പോസിറ്റിവ് ആയ രോഗിയുടെ കുടുംബവും സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഭീതിജനകമായ അന്തരീക്ഷം ഇപ്പോൾ ഇല്ലെന്നും സ്ഥിതിഗതികൾ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാള പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ പ്രചരണങ്ങൾക്ക് എതിരെ ജാഗ്രത വേണം. ആളുകൾ കൂട്ടം കൂടിയും അല്ലാതെയും കറങ്ങി നടക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. വഴിയോര കച്ചവടങ്ങൾ ഒഴിവാക്കണം. പച്ചക്കറികൾക്ക് വില കൃത്യത ഇല്ലെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിട്ടുണ്ട്. വിലനിലവാരം എഴുതി പ്രദർശിപ്പിക്കണം. സൂപ്പർ മാർക്കറ്റുകളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ., ജില്ലാ കളക്ടർ എസ്.ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.റീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: മാളയിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ മാള പഞ്ചായത്തിൽ നടന്ന അവലോകന യോഗം

ചിറങ്ങര ആർഒബി: പൊതുവിചാരണ മാറ്റി
ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് സ്ഥലമെടുപ്പിന്റെ ഭാഗമായി നടപ്പാക്കുന്ന പുനരധിവാസ പുന:സ്ഥാപന സ്‌കീമിനോട് ബന്ധപ്പെട്ട് ഏപ്രിൽ 7 ന് കൊരട്ടി ഗ്രാമപഞ്ചാത്ത് ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന പൊതുവിചാരണ മാറ്റിവച്ചതായി ഡെപ്യൂട്ടി കളക്ടർ എൽഎ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ക്യാമ്പുകൾ സന്ദർശിച്ചു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 123 അതിഥി തൊഴിലാളി ക്യാമ്പുകളിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ സന്ദർശനം നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അതിഥി തൊഴിലാളി വാസസ്ഥലങ്ങളെക്കുറിച്ചുള്ള വിവരശേഖരണം നടത്തുകയും ലഭിച്ച പരാതികളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.

ജൈവ പച്ചക്കറികൾ വിതരണം ചെയ്തു
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അഗ്രോ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി ക്ലസ്റ്ററുകൾ ഉൽപാദിപ്പിച്ചെടുത്ത ജൈവപച്ചക്കറികൾ ആറ് ഗ്രാമപഞ്ചായത്തുകളിലെയും സാമൂഹ അടുക്കളകളിലേക്ക് വിതരണം ചെയ്തു. വിതരണഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വൈസ് പ്രസിഡന്റ് എം. പത്മകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പോലീസുകാർക്ക് പഴങ്ങളുമായി എസ്.പി
കടുത്ത ചൂടിനെ വകവെക്കാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പഴവർഗ്ഗങ്ങളും കുടിവെള്ളവുമായി തൃശൂർ റൂറൽ എസ്.പി വിജയകുമാർ തൃപ്രയാറിലെത്തി. എസ്.പിയിൽനിന്നും പഴവർഗ്ഗങ്ങൾ വലപ്പാട് പോലീസ് എസ്.എച്ച് ഒ കെ സുമേഷ്, സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ എന്നിവർ ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപാലക്യഷ്ണൻ എന്നിവരും പൊലീസ് മേധാവിക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കഴിമ്പ്രം സുനാമി കോളനിയിലെത്തിയ പൊലീസ് സൂപ്രണ്ട് അതിഥി തൊഴിലാളികൾക്ക് ഐ.ഡി കാർഡുകളും വിതരണം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്:
1) കടുത്ത ചൂടിനെ വകവെക്കാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പഴവർഗ്ഗങ്ങൾ നൽകുന്ന തൃശൂർ റൂറൽ എസ്.പി വിജയകുമാർ
2) അതിഥി തൊഴിലാളികൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്യുന്ന തൃശൂർ റൂറൽ എസ്.പി വിജയകുമാർ

കോവിഡ് 19: റേഷൻ വിതരണം പരിശോധിക്കും
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ റേഷൻ വിതരണത്തിൽ തൂക്കത്തിൽ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ അറിയിച്ചു. ഇത് സംബന്ധിച്ച പരാതികൾ ഗൗരവമായി പരിശോധിക്കും. കാർഡുടമകൾക്ക് ബില്ലുകൾ വാങ്ങേണ്ടതും ബില്ല് പ്രകാരമുളള അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്നും കൺട്രോളർ അറിയിച്ചു.

Comments are closed.