1470-490

പോലീസുമായി ആലോചിച്ചതിന് ശേഷം വളണ്ടിയർ പാസ് നൽകണമെന്ന് എ സി മൊയ്തീൻ


വളണ്ടിയർ പാസ് നൽകുന്നത് പൊലീസുമായി കൂടിയാലോചന നടത്തി വേണമെന്ന് മന്ത്രി എ.സി.മൊയ്തീൻ. മാളയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ആരോഗ്യ കർമ്മ സേനയുടെ വളണ്ടിയർ പാസ്സ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി വേണ്ട നിർദേശം നൽകിയത്. മാള പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഈ നിർദേശം വച്ചത്. പാസ് നൽകുന്നത് ജാഗ്രതയോടെ വേണമെന്നും ഓരോ വാർഡിലും ആവശ്യമായ പാസ് നൽകുന്നതിന് മുൻപ് പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാർഡിൽ പത്ത് പാസ് അനുവദിക്കേണ്ട സാഹചര്യം ഇല്ലെന്നും എ.സി.മൊയ്തീൻ കളക്ടറെ അറിയിച്ചു. കൈ കഴുകുന്നതിന് വില കൂടിയ സോപ്പ് നിർബന്ധം അല്ലെന്നും സാധാരണ സോപ്പ് ആയാലും മതിയെന്ന് നിർദേശിച്ചു. ആയുർവ്വേദ-ഹോമിയോ മരുന്നുകൾ മുടക്കമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്റ്റർ യോഗത്തെ അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങൾ പട്ടിക പ്രകാരം എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾക്ക് നേരിട്ട് വിളിക്കാമെന്നും കലക്ടർ എസ്.ഷാനവാസ് അറിയിച്ചു. ജനങ്ങൾ ഇപ്പോഴും അനാവശ്യമായി കറങ്ങി നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പൊലീസിന് നിർദേശം നൽകി. അർഹത തിരിച്ചറിഞ്ഞ് മാത്രമേ ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ളവ വിതരണം ചെയ്യാവൂവെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ കരാറുകാർ ഭക്ഷണം നൽകുന്നത് തുടരണമെന്നും അവർക്ക് മറ്റു തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നത് നൽകേണ്ടതില്ലെന്നും നിർദേശിച്ചു. യോഗത്തിൽ അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ., ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജി.റീന, മാള സി.ഐ. സജിൻ ശശി തുടങ്ങിയവവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Comments are closed.