1470-490

സർക്കാർ മിതത്വം പാലിക്കണം :ഇ.ടി

സന്നദ്ധ പ്രവർത്തകന്മാരോടും ബുദ്ധിമുട്ടുകളിൽ തന്നാലാകുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരോടും മുഖ്യമന്ത്രിയും മറ്റും നടത്തുന്ന പ്രസ്താവനകളും കൊയിലാണ്ടിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ ആസിഫ് കമാലിനു എതിരെ എടുത്ത നടപടികൾ എല്ലാം തന്നെ കാണിക്കുന്നത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഹങ്കാരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി.
കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളികൾക്കും കഷ്ടപ്പെടുന്നവർക്കും തങ്ങളാൽ ആകുന്നവിധം അവരുടെ കഷ്ടത മാറ്റാൻ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല ഈ കേസെടുക്കുന്നതിനു മുമ്പ് യുദ്ധ രംഗത്തേക്കോ മറ്റോ പോകുന്നത് പോലെ പോലീസ് ഉദ്യോഗസ്ഥന്മാർ എസ് പി യടക്കം അവിടെ ചെന്ന് ഈ കുട്ടിക്കെതിരെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവിടെ മുഖ്യമന്ത്രി മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തിൽ കഴിഞ്ഞ കാലവർഷ കെടുതിയുടെ കാലത്തും ഇപ്പോൾ തന്നെയും നടന്നുവരുന്ന ഏത് ജീവകാരുണ്യ, രക്ഷാ പ്രവർത്തനങ്ങളും സർക്കാരിന്റെ മേൽവിലാസത്തിലെ നടത്താവൂ മറ്റാർക്കും സേവന രംഗത്തേക്ക് വരാൻപാടില്ല എല്ലാ സേവനവും തന്റെ പേരിലോ തന്റെ ഗവണ്മെന്റിന്റെ പേരിലോ തന്നെയാകണം എന്ന മുഷ്ക് തെറ്റാണ്. കേരളം ഒരുപാട് നല്ല മനസ്സുള്ളവരുടെ നാടാണ് കഴിഞ്ഞ പ്രളയകാലത്ത് സ്വന്തം ജീവൻപോലും അപകടപെടുത്തി എത്രയോ മനുഷ്യരെ രക്ഷിക്കാൻ ആത്മാർത്ഥത കാണിച്ച യുവാക്കളാണ് ഈ നാട്ടിലുള്ളത്. ഇപ്പോൾ മരുന്ന് കൊണ്ടുകൊടുക്കുന്ന ആളുകളെ അങ്ങോട്ട് പോകാൻ സമ്മതിക്കില്ല എന്തിനാണ് മരുന്നുകൊടുക്കാൻ പോകുന്നത് എന്ന തരത്തിലുള്ള ചോദ്യം വഴിയിൽവെച്ച് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള മെഡിചെയിൻ പ്രവർത്തകരോട് ചോദിച്ചതായിട്ടുള്ള പരാതിപോലും ഉയർന്നുവന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ കാലത്തും സർക്കാർ ഈ പൊങ്ങച്ചമെല്ലാം നടിച്ചത് പാവപെട്ട ആളുകൾ ചെയ്തിട്ടുള്ള സേവനത്തിന്റെയും ക്യാമ്പുകളിൽ അവർ കൊടുത്തിട്ടുള്ള ഭക്ഷണത്തിന്റെയും വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്നതിനു കാണിച്ച സാഹസികത നിറഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്
. ഇത് എല്ലാം സർക്കാരിന്റെ അക്കൗണ്ടിലാക്കി മേനി നടിക്കുന്ന ജോലി ഇടതു സർക്കാർ നന്നായി ചെയ്യുന്നുണ്ട്. അതിന് പറ്റിയ തരത്തിലുള്ള പ്രചാരണ തന്ത്രങ്ങൾ അവർ എടുക്കുന്നുണ്ട്. പക്ഷെ യാഥാർഥ്യബോധമില്ലാത്ത ഇത്തരത്തിലുള്ള അഹങ്കാര സമീപനങ്ങൾ അവസാനിപ്പിക്കുകയും രാജ്യം ആകെ
നേരിടുന്ന ഈ പ്രതിസന്ധിയിൽ പ്രത്യേകിച്ചും സന്നദ്ധ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എല്ലാ നിയമ വ്യവസ്ഥിതിക്കും ഉള്ളിൽ നിന്നുകൊണ്ട് ആവശ്യമായ സേവനരീതി ഒരുക്കികൊടുക്കുകയും ചെയ്യുക എന്നുള്ളത് ഒരു സർക്കാറിന്റെ കടമയാണ്. അതിനു പകരം അവരോട് പകവീട്ടുന്ന തരത്തിലുള്ള സമീപനം ഒരിക്കലും വെച്ചുപൊറുപ്പിക്കരുത്. മുഖ്യമന്ത്രി ഇത് തിരിച്ചറിയണം എൽ ഡി എഫ് ഗവണ്മെന്റിന്റെ ഈ ധാർഷ്ട്യതിനെതിരെ പ്രതികരിക്കണം.

അതുപോലെ
സാലറി ചലഞ്ചിന് വഴങ്ങാത്തവരിൽ നിന്നു അത് പിടിച്ചുവാങ്ങുമെന്ന് പറയുന്ന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പരാക്രമിയെപ്പോലെ സംസാരിക്കരുത് . ഒരു ദുരിതം അനുഭവിക്കുന്ന സമയത്ത് ഒരു മാസത്തെ ശമ്പളമോ അതിന് അപ്പുറവും ചെയ്യാൻ മനസ്സുള്ളവരാണ് ഈ നാട്ടിലുള്ളവർ. ചിലർക്ക്‌ അതിന് പറ്റാതെയും വരാം. ഒരു മാസത്തെ ശമ്പളം കൊടുത്തുകഴിഞ്ഞാൽ ആ മാസത്തെ ഫാമിലി ബഡ്ജറ്റ് തകിടം മറിയുന്ന ജീവനക്കാരുമുണ്ടാവും. അത്തരത്തിലുള്ള ആളുകൾക്ക് നിവൃത്തിയില്ലാതെ വരുന്ന സമയത്ത് സാധിക്കില്ലെന്ന് പറയാൻ സ്വാതന്ത്ര്യം ഉണ്ടാകണം. സർക്കാർ സംസാരിക്കേണ്ടത് മിതത്വത്തിന്റെ ഭാഷയിലാണ് അല്ലാതെ പിടിച്ചുപറി രൂപത്തിൽ അല്ലെന്നും. ഇ. ടി. മുഹമ്മദ് ബഷീർ. എം. പി പറഞ്ഞു.

Comments are closed.