1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 858 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 14,794 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 03) മുതല്‍ 858 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,794 ആയി. 100 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 94 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി,  തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 14,673 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

കോവിഡ് 19 ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന യോഗത്തെ അറിയിച്ചു. 23 പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 03) വിദഗ്ധ പരിശോധനകള്‍ക്കു ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ 624 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ (ഏപ്രില്‍ 03) 5,946 വീടുകളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ആരോഗ്യ സുരക്ഷ ഉറപ്പാക്കി ജില്ലാതല കണ്‍ട്രോള്‍ സെല്‍

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 03) 1,191 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം ആറു പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 459 മുതിര്‍ന്ന പൗരന്മാരെ ഇന്നലെ (ഏപ്രില്‍ 03) പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 1,820 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഇന്നലെ (ഏപ്രില്‍ 03) ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487