1470-490

കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കടപ്പുറം പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു


തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കടപ്പുറം പഞ്ചായത്തിൽ കെ. വി അബ്ദുൽ ഖാദർ എംഎൽഎ അടിയന്തര യോഗം വിളിച്ചു ചേർന്നു. രോഗം സ്ഥിരീകരിച്ച വ്യക്തി ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 28ന് ഡൽഹി, തുടർന്ന് മാർച്ച് 15ന് ബോംബെ, മാർച്ച് 24ന് ബാംഗ്ലൂർ വഴി 25ന് തിരുവനന്തപുരത്ത് എത്തുകയും അന്നുതന്നെ ചാവക്കാട് വീട്ടിലെത്തുകയും ചെയ്തു. ഷെയർ ടാക്സിയിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള യാത്ര. അതിനാൽ തന്നെ ടാക്സി ഡ്രൈവറെയും വണ്ടി ഷെയർ ചെയ്ത മറ്റ് വ്യക്തിയെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി.
203 പേരാണ് കടപ്പുറം പഞ്ചായത്തിൽ വിദേശത്തുനിന്ന് എത്തിയവരുള്ളത്. അതിൽ 44 പേരൊഴികെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കടപ്പുറം, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ആളുകളോ മത്സ്യത്തൊഴിലാളികളോ കൂട്ടം കൂടാതെ ശ്രദ്ധിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി. ഇന്നു (മാർച്ച് 4) മുതൽ ഹാർബർ തുറന്നു പ്രവർത്തിക്കും. കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന് പട്രോളിംഗ് ശക്തമാക്കിട്ടുണ്ട്. പഞ്ചായത്തിലെ 188 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനും ആളുകളെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പങ്കെടുത്തവർ അല്ലെങ്കിലും പഞ്ചായത്തിൽ രോഗബാധിതനുമായി സമ്പർക്കമുണ്ടായ ആളുകളെ കണ്ടെത്തി പരിശോധന നടത്താൻ തീരുമാനിച്ചു. രോഗബാധിതന്റെ ഭാര്യയും മൂന്നു മക്കളും തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കടപ്പുറത്ത് ഇദ്ദേഹത്തിന്റെ വീടും പരിസരവും ഗുരുവായൂർ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കാനും എംഎൽഎ നിർദേശിച്ചു. കെ. വി അബ്ദുൾഖാദർ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മർ കുഞ്ഞി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, ബി.ഡി.ഒ വിനീത്, പോലീസ്, ആരോഗ്യ പ്രവർത്തകർ, ഹെൽത്ത് സൂപ്പർവൈസർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

Comments are closed.