1470-490

കോവിഡ്കാലത്ത് കുടിവെള്ളമുണ്ട്


ലോക് ഡൗണിനെ തുടർന്ന് വീടുകളിൽ വെള്ളത്തിന്റെ ഉപയോഗം വർധിച്ചുവെങ്കിലും വാട്ടർ അതോറിറ്റി കടുത്ത വേനലിലും ആശ്വാസമാകുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ കുടിനീർ കിട്ടുന്നുള്ളുവെന്ന പരാതി ഉയർന്നിരുന്ന തീരദേശത്ത് ലോക് ഡൗൺ ദിനങ്ങളിൽ മുടക്കം കൂടാതെ ജലവിതരണം നടക്കുന്നു.
നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുന്ന പത്ത് പഞ്ചായത്തുകളിലും ജലവിതരണം മുടക്കം കൂടാതെ നടത്താൻ ഈ കോവിഡ്കാലത്ത് ശ്രദ്ധിക്കുന്നുണ്ട്. ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളാണ് കരുവന്നൂർ പുഴയേയും ഇല്ലിക്കൽ ശുദ്ധീകരണ ശാലയേയും ആശ്രയിക്കുന്നത്. വേനൽ കടുത്താൽ പ്രാദേശിക ജല സ്രോതസ്സുകൾ പലതും വറ്റുന്നത് പതിവാണ്. ഇല്ലിക്കൽ നിന്നുള്ള പമ്പിങ്ങും മേഖലകൾ തിരിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസത്തേയ്ക്കായി പരിമിതപ്പെടുത്താറുണ്ട്. പൈപ്പുകൾ കാലഹരണപ്പെട്ടതിനാൽ വെള്ളം ചോർന്നൊലിക്കുന്നതും പതിവ് കാഴ്ചയാണ്. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
അതിനിടെ ലോക് ഡൗൺ ആളുകളെ വീട്ടിലിരുത്തിയതോടെ വീടുകളിൽ ജലത്തിന്റെ ഉപയോഗം കൂടുകയും ചെയ്തു. എന്നാൽ പകൽ സമയങ്ങളിൽ കുറഞ്ഞ ഫോഴ്സിലും വൈകീട്ട് ശക്തിയായും വിതരണം നടത്തി എല്ലായിടത്തും വെള്ളം എത്തിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്. ചില പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യാൻ ജന പ്രതിനിധികൾ ശ്രമിക്കുന്നുണ്ട്.

Comments are closed.