1470-490

സമൂഹ അടുക്കള: കോട്ടയം നഗരസഭയെക്കുറിച്ചുളള വാർത്ത വസ്തുതാ വിരുദ്ധം-മന്ത്രി എ സി മൊയ്തീൻ


കോവിഡ് 19 പ്രതിരോധ പരിപാടികളുടെ ഭാഗമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹ അടുക്കളകൾ പ്രതിസന്ധിയിലാണെന്ന തരത്തിൽ കോട്ടയം നഗരസഭയുടെ സമൂഹ അടുക്കള ആധാരമാക്കി ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഇത്തരമൊരു വാർത്തയ്ക്ക് പിന്നിൽ ചില സംഘടിത ശ്രമങ്ങൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി എ സി മൊയ്തീൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഓൺഫണ്ട് കുറവാണെന്നത് ഒരു വസ്തുതയാണ് എന്നാൽ സമൂഹ അടുക്കളയ്ക്കായി പ്ലാൻ ഫണ്ട് ഉപയോഗിക്കാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ ഉത്തരവിറക്കിയതാണ്. മന്ത്രി പറഞ്ഞു. കോട്ടയം നഗരസഭയുടെ സമൂഹ അടുക്കളയിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് 960, വൈകീട്ട് 480, രാവിലെ 800, വെളളിയാഴ്ച ഉച്ചയ്ക്ക് 450 എന്നിങ്ങിനെയാണ് ഭക്ഷണപൊതികൾ വിതരണം ചെയ്തത്. വ്യാഴാഴ്ച അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തിരുന്നു. അതിനാലാണ് വെളളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണപൊതികൾ 450 ആയി കുറഞ്ഞത്. ഇക്കാര്യം കോട്ടയം കളക്ടറുമായി സംസാരിച്ചിരുന്നു. നഗരസഭയുടെ സമൂഹ അടുക്കളയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല. ഈ വസ്തുത മനസിലാക്കാതെയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. സമൂഹ അടുക്കളയുടെ വിജയത്തിനായി രാപകൽ അദ്ധ്വാനിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവരുടെ ആത്മവിശാസമാണ് ഇത്തരം വാർത്തകൾ തകർക്കുക. ഇനിയങ്ങോട്ട് സമൂഹ അടുക്കളകൾ വഴിയുളള ഭക്ഷണവിതരണത്തിൽ ഇനിയും കുറവ് വരാനാണ് സാധ്യത. റേഷൻ വിതരണം ഏറെക്കുറെ പൂർണ്ണമായിക്കഴിഞ്ഞു. ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം നടക്കുകയാണ്. വരും ദിവസങ്ങളിൽ പലവ്യഞ്ജന കിറ്റുകളുമെത്തും. ഇങ്ങനെ വന്നാൽ പാകം ചെയ്ത ഭക്ഷണം വിതരണത്തിൽ കുറവുണ്ടാകും. എല്ലായിടത്തും നല്ല നിലയിലാണ് സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നത്. അത് സംബന്ധിച്ച് ആർക്കും ഒരാശങ്കയും വേണ്ടതില്ല മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി.

Comments are closed.