ലാഭം മണ്ണ് തരും; ടോമിയുടെ കാർഷികോത്പന്നങ്ങൾ സമൂഹ അടുക്കളയിലേക്ക്
കൊടകര: ആത്യാധ്വാനം ചെയ്ത് വിളയിച്ചെടുത്ത പച്ചക്കറികൾ പിറന്നാൾ ദിനത്തിൽ സമൂഹ അടുക്കളയിലേക്ക് നൽകി മാതൃകയാവുകയാണ് കൊടകര പേരാമ്പ്രയിൽ ഒരു കർഷകൻ. പേരാമ്പ്ര തേശ്ശേരി സ്വദേശി ടോമി കള്ളിയത്ത് പറമ്പിലാണ്, പച്ചക്കറിക്ക് വിപണിയിൽ ഏറെ വില ലഭിക്കുന്ന കാലത്ത്, തന്റെ വിളവുകളെല്ലാം അശരണർക്കായി മാറ്റി വയ്ക്കുന്നത്. ചേന, മരച്ചീനി, പാവൽ, പടവലം, വെണ്ട, കായ, നാളികേരം തുടങ്ങിയവയാണ് കൊടകര പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ടോമി സംഭാവന ചെയ്തത്. സമൂഹ അടുക്കള ആരംഭിച്ചതു മുതൽ ടോമിയുടെ പച്ചക്കറികൾ അടുക്കളയിലെത്തുന്നുണ്ട്. പിറന്നാൾ ദിനത്തിലും മുടങ്ങാതെ കൃഷിയിടത്തിലിറങ്ങിയ ടോമി, ആദ്യ വിളവ് ശേഖരിച്ചത് സമൂഹ അടുക്കളയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഓണം, വിഷു ,ക്രിസ്മസ് , ഈസ്റ്റർ തുടങ്ങിയ വിശേഷദിവസങ്ങളിൽ നിർധനരായവർക്ക് വർഷങ്ങളായി ടോമി പച്ചക്കറികൾ
നൽകി വരുന്നുണ്ട്. കൂടാതെ കൊടകര മേഖലയിലുള്ള ദേവാലയങ്ങളിൽ ഊട്ടു തിരുന്നാളുകൾക്കും ടോമി പച്ചക്കറികൾ സൗജന്യമായി നൽകാറുണ്ട്. കൃഷി സത്യമുള്ള തൊഴിലാണെന്നും നാട് രോഗ ദുരിതത്തിൽ വലയുമ്പോൾ കർഷകന് ലാഭം നോക്കിയിരിക്കാനാവില്ലെന്നുമാണ് ടോമിയുടെ പക്ഷം. മികച്ച കർഷകനുള്ള നിരവധി അവാർഡുകളും ടോമിയ്ക്ക് ലഭിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണിലേക്കുള്ള പച്ചക്കറികൾ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി ഏറ്റുവാങ്ങി.
Comments are closed.