1470-490

സാലറി ചലഞ്ചിനെതിരെ നിയമ നടപടിക്ക്: എ.എച്ച്.എസ്.ടി.എ

സാലറി ചലഞ്ചിലൂടെ അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ നിയമ നടപടിക്ക്: എ.എച്ച്.എസ്.ടി.എ 
സാലറി ചലഞ്ചിലൂടെ പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരിച്ചിട്ട്, മാസശമ്പളം മുഴുവന്‍ നല്‍കിയവരെ അവഹേളിക്കും വിധം ഫണ്ടുതിരിമറിയും ദുരുപയോഗവും നടത്തിയതിനാല്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. തങ്ങള്‍ ഒരു മാസം ജോലി ചെയ്ത വേതനം ആരുടെ കൈകളിലെത്തണമെന്നാഗ്രഹിച്ച് സംഭാവന ചെയ്യുന്നുവോ അവരിലെത്താതെ കൊള്ളയടിക്കപ്പെടുകയാണെന്ന ചിന്ത ജീവനക്കാരില്‍ വ്യാപകമാണ്.   ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നതും, ജനാധിപത്യ പ്രക്രീയയില്‍ പരാജയപ്പെട്ടവരെപ്പോലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് പരിപാലിച്ചു പോകുന്നതുമെല്ലാം സാമ്പത്തിക ദുര്‍വ്യയത്തിനും കാരണമായിട്ടുണ്ട്.  സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഭരണ പരാജയവും മൂലം ഉണ്ടായ സാമ്പത്തിക തകര്‍ച്ച ജീവനക്കാരുടെ തലയില്‍ വച്ച് കിട്ടുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പരാജയമാണ്. കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അദ്ധ്യാപകരും ജീവനക്കാരും അവരുടെ കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കുമെന്നും എന്നാല്‍   ഒരു മാസത്തെ ശമ്പളം നിര്‍ബന്ധ രൂപേണ പിരിച്ചെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നതായും എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. കേരളത്തിലെ മുഴുവന്‍ പേരെയും ബാധിച്ച സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുളള മന്ത്രി സഭാ തീരുമാനത്തെ അംഗീകരിക്കില്ല. എന്നിരുന്നാലും ജീവനക്കാരും അദ്ധ്യാപകരും തങ്ങളാല്‍ കഴിയുന്ന തുക മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കും. ഈ സന്ദര്‍ഭത്തില്‍ . കൊറോണ എന്ന മഹാമാരിയില്‍ നിന്നും  സംസ്ഥാനത്തെ രക്ഷിക്കുന്നതിനുള്ള ഫണ്ട് സ്വരൂപണം ‘കൊറോണ പ്രതിരോധ ഫണ്ട് ‘ എന്ന പേരില്‍ രൂപീകരിക്കണം. അതില്‍ പ്രതിപക്ഷ നേതാവിനും മറ്റ് ജനപ്രതിനിധികള്‍ക്കും ബോധ്യമാകുന്ന രീതിയില്‍ സുതാര്യമായി  ഫണ്ടിന്റെ വിനിയോഗം നടത്തണം. സർക്കാർ നിർബന്ധമായ സാലറി ചലഞ്ചുമായി മുന്നോട്ട് പോയാൽ കോടതിയിൽ കേസുമായി മുന്നോട്ട് പോകുമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന  പ്രസിഡന്റ് ആര്‍.അരുണ്‍കുമാറും  ജനറല്‍ സെക്രട്ടറി എസ്.മനോജും ട്രഷറർ കെ.എവർഗ്ഗീസും അറിയിച്ചു.

Comments are closed.