1470-490

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ വിവരശേഖരണം നടത്തി

കേച്ചേരി: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ചൂണ്ടൽ പഞ്ചായത്ത് അധികൃതർ വിവരശേഖരണം നടത്തി. കോവിഡ് 19-ന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. കോവിഡ് 19-ന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചിലയിടങ്ങളിൽ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഭക്ഷണക്കാര്യത്തിലുള്ള അസംതൃപ്തിയാണ് ഇത്തരം സാഹചര്യത്തിലേക്ക് നയിച്ചത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ആധാർ, പാൻ, വോട്ടർ ഐഡി തുടങ്ങിയ കാർഡുകളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കോൺട്രാകറുടെ കീഴിൽ ജോലി ചെയ്ത് വരുന്ന തൊഴിലാളികൾ ഒഴികെയുള്ള ഇതര സംസ്ഥാനക്കാർക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്നാണ് ഭക്ഷണം നൽകി വരുന്നത്. പലയിടത്തും തൊഴിലാളികൾ നാട്ടിലേക്കും മറ്റു സ്ഥലങ്ങളിലേക്കും മടങ്ങിയ സാഹചര്യവുമുണ്ട്. പഞ്ചായത്തിലെ 18 വാർഡുകളിലായി 450 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിൽ പകുതിയിലേറെ പേർക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്നാണ് ഭക്ഷണം എത്തിച്ച് നൽകി കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ പ്രശ്നങ്ങളും, അസംതൃപതികളും മനസ്സിലാക്കുന്നതിന്റെ കൂടി ഭാഗമായാണ് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയത്.

Comments are closed.