1470-490

ഗുരുവായൂർ ക്ഷേത്രം ശീവേലി, വിഷുക്കണി, ചന്ദനം അരവ് എന്നിവയെപ്പറ്റി ചില പത്രങ്ങൾ നൽകിയ വാർത്തകൾ ശരിയല്ല ; ദേവസ്വം ചെയർമാൻ


ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലി, വിഷുക്കണി, ചന്ദനം അരവ് എന്നിവയെപ്പറ്റി ചില പത്രങ്ങളിൽ (മെഡ്‌ലിംഗ് മീഡിയയിൽ അല്ല) പ്രസിദ്ധീകരിച്ച വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ദേവസ്വം ചെയർമാൻ. ഗുരുവായൂർ ക്ഷേത്രം ശീവേലി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രദർശിപ്പിയ്ക്കുമെന്നും, വിഷുക്കണിയ്ക്ക് ഭക്തർക്ക് ദർശനമുണ്ടാകില്ലെന്നും ക്ഷേത്രത്തിൽ ചന്ദനം അരവ് നിലച്ചതായും ചില പത്രങ്ങളിൽ കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഈ വാർത്തകൾ തെറ്റാണെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് വാർത്താകുറിപ്പിൽ അറിയിച്ചു. ഔദ്യോഗിക  പത്രസമ്മേളനം, പത്രകുറിപ്പ്, ദേവസ്വം വെബ് സൈറ്റ്, ദേവസ്വം ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്, ദേവസ്വം ഒഫീഷ്യൽ യൂട്യൂബ് ചാനൽ എന്നിവ വഴി മാത്രമേ ദേവസ്വം ഔദ്യോഗികമായി വാർത്തകൾ പുറപ്പെടുവിയ്ക്കുകയുള്ളൂവെന്ന് ചെയർമാൻ അറിയിച്ചു. ആവശ്യം വേണ്ട കൂടിയാലോചനകൾക്കുശേഷം നടപ്പിലാക്കേണ്ട പല കാര്യങ്ങളും ചില പത്രങ്ങൾ മാധ്യമ രംഗത്തെ മത്സരത്തിന്റെ ഫലമായി അവരുടെ ഭാവനയ്ക്കനുസരിച്ച് വാർത്തകളാക്കി പ്രസിദ്ധീകരിക്കുകയാണെന്നും ഇത് മേൽ വിഷയങ്ങളിൽ ആവശ്യം വേണ്ട കൂടിയാലോചനകൾക്ക് തടസ്സമാകുന്നതായും ചെയർമാൻ പറഞ്ഞു. ഭക്തജനങ്ങൾ ഇത്തരം തെറ്റായ വാർത്തകളാൽ തെറ്റിദ്ധരിയക്കപ്പെടരുതെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

Comments are closed.