1470-490

വിവാഹവാർഷിക ദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് നഗരസഭയുടെ സമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കി നൗഷാദും റജീനയും

സമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്ന നൗഷാദും റജീനയും

ഗുരുവായൂർ: വിവാഹവാർഷിക ദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് നഗരസഭയുടെ സമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കി നൗഷാദും റജീനയും. ചൊച്ചല്ലൂർപ്പടി പുഴങ്ങരയില്ലത്ത് നൗഷാദിനും റജീനയ്ക്കും വ്യാഴാഴ്ച്ച 13 മത് വിവാഹ വാർഷികമായിരുന്നു. എന്നാൽ വിവാഹ വാർഷികത്തിന്റെ യാതൊരു ആഘോഷങ്ങളും ഇവർക്കുണ്ടായില്ല. നഗരസഭ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഈ ദമ്പതികൾ. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കാറ്ററിംങ് യൂണിറ്റായ ബിസ്മി കാറ്ററിംങിനാണ് നഗരസഭ അഗതി ക്യാമ്പ് ആരംഭിച്ചത് മുതൽ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചുമതല.  8 വർഷക്കാലമായി ഇവർ ഈ രംഗത്ത് ഉണ്ട്. 3 കുട്ടികളാണ് ഈ ദമ്പതികൾക്ക് കുട്ടികളെ വീട്ടിലാക്കി രാവിലെ തന്നെ അടുക്കളയിലേക്ക് വരും ദിവസവും ആയിരങ്ങൾക്ക് ഭക്ഷണം പാകം ചെയ്യണം. എല്ലാം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങണം. വിവാഹ ശേഷമാണ് റജീന ഈ രംഗത്ത് സജീവമായത്. വലിയ ആഘോഷങ്ങളൊന്നും ഇല്ലെങ്കിലും സഹപ്രവർത്തകർ ഇവർക്കായി കേക്ക് ഒരുക്കിയിരുന്നു. സമൂഹ അടുക്കളയുടെ മേൽനോട്ടക്കാരുടെ വകയായി ചെറിയ സമ്മാനവും ഇവർക്ക് നൽകി. സാമൂഹിക അകലം എന്ന മാനദണ്ഡം പാലിച്ച് പൊതിച്ചോറ് വ്രിതരണത്തിനായി എത്തിയ വളണ്ടിയർമാർക്ക് മിഠായി വിതരണവും ചെയ്തു. സമൂഹിക അടുക്കളയിലെത്തിയ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.വി. വിവിധ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ എന്നിവർ നൗഷാദിനും റജീനയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു.

Comments are closed.