1470-490

അതിഥി തൊഴിലാളികൾക്ക് ഉത്തരേന്ത്യൻ വിഭവങ്ങളടങ്ങിയ കിറ്റുമായി ചാവക്കാട് നഗരസഭ


ചാവക്കാട് നഗരസഭ പരിധിയിൽ താമസിക്കുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും സ്പെഷ്യൽ കിറ്റ്. നഗരസഭ പരിധിയിൽ 37 ക്യാമ്പുകളിലായി 700 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. അവരുടെ ഭക്ഷണ ആവശ്യങ്ങൾക്കായി ഉത്തരേന്ത്യൻ വിഭവങ്ങൾ അടങ്ങിയ കിറ്റുകളാണ് ഇന്ന് (ഏപ്രിൽ 3) മുതൽ നൽകുന്നത്. പൊന്നി അരി, ഉരുളക്കിഴങ്ങ്, സവാള, നോർത്ത് ഇന്ത്യൻ ഖരം മസാലപ്പൊടി തുടങ്ങി വിവിധ തരം ഭക്ഷ്യ വസ്തുക്കൾ അതിഥി തൊഴിലാളികൾ തന്നെ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് വാങ്ങി നൽകുന്നത്.
കിറ്റ് വിതരണത്തിനായി നഗരസഭ പ്രദേശത്തെ ആറു സോണലുകളാക്കി തരം തിരിച്ച് ഓരോ സോണലിന്റെയും ചുമതല നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർക്ക് നൽകി. കിറ്റ് വിതരണ പ്രവർത്തനങ്ങൾ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം. ഷെമീർ, അസി. ലേബർ ഓഫീസർ അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകേണ്ട ചുമതല അതത് കെട്ടിട ഉടമകളെ ഏല്പിച്ചിരുന്നെങ്കിലും അവർ വീഴ്ച വരുത്തുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. അത്തരം സാഹചര്യം മറി കടക്കുന്നതിന് വേണ്ടിയാണ് ചാവക്കാട് നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തത്. നാട്ടുകാരും മറ്റ് സന്നദ്ധ സംഘടനകളും ഈ ഉദ്യമത്തിന് വലിയ പിന്തുണ നൽകിയതും കിറ്റ് വിതരണം ഉടനടി പ്രാവർത്തികമാക്കാൻ സഹായിച്ചുവെന്ന് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ അറിയിച്ചു. ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ അംഗനവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ചുമതലപ്പെടുത്തി.

Comments are closed.