1470-490

കോവിഡ് ജാഗ്രതകാലത്തെ മാലിന്യ സംസ്‌കരണം : സുരക്ഷിത നടപടികളുമായി ഹരിതകേരളം മിഷൻ


കോവിഡ് 19 ജാഗ്രതാക്കാലത്ത് സുരക്ഷിത മാർഗ്ഗങ്ങളിലൂടെയുളള മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ നടപടികളുമായി ഹരിതകേരളം മിഷൻ. കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌കരണവും ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷൻ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രത്യേക പരിശീലനം നൽകിയ ഹരിതകർമ്മ സേനാംഗങ്ങളാണ് മാലിന്യ ശേഖരണം നടത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് അനുസരിച്ചാണ് കോവിഡ് കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്നതുൾപ്പെടെയുള്ള മാലിന്യം കൈകാര്യം ചെയ്യുന്നത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയോ ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കിയാണ് നിർമ്മാർജ്ജനം ചെയ്യുന്നത്. കമ്യൂണിറ്റി കിച്ചണുകളിലെ ജൈവ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കുന്നുണ്ടെന്ന് ഹരിതകർമ്മസേന ഉറപ്പുവരുത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലെ മാലിന്യങ്ങളും ഉറവിടത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും ഹരിതകേരളം മിഷൻ നിർവ്വഹിക്കുന്നുണ്ട്.
മാലിന്യ സംസ്‌കരണം സുഗമമാക്കുന്നതിനായി ഹരിതകേരളം മിഷൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ജൈവ മാലിന്യങ്ങൾ അതാതിടങ്ങളിൽ കുഴി കമ്പോസ്റ്റ് / ബയോകമ്പോസ്റ്റ് / തുമ്പൂർമുഴി കമ്പോസ്റ്റിംഗ് ഇവയിലേതെങ്കിലും മാതൃകയിൽ നിർമ്മാർജ്ജനം ചെയ്യാവുന്നതാണ്. കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നും ഭക്ഷണ പദാർത്ഥങ്ങൾ വാഴയിലയിലോ അലൂമിനിയം ഫോയിലിലോ പാക്ക് ചെയ്ത് നൽകുന്നതാണ് ഉചിതം. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കണം. അജൈവ മാലിന്യം നീക്കം ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ അതാതിടങ്ങളിലെ മെറ്റീരിയൽ കളക്ഷൻ കേന്ദ്രങ്ങളിൽ ശേഖരിച്ച് സൂക്ഷിക്കണം. ഓൺലൈൻ മാർക്കറ്റിംഗിന്റെ ഭാഗമായും അജൈവ മാലിന്യത്തിന്റെ അളവ് കൂടാൻ സാധ്യതയുള്ളതിനാൽ അത്തരം മാലിന്യങ്ങളും അതാതിടങ്ങളിൽ തരംതിരിച്ച് സൂക്ഷിക്കണം.
ലോക്ഡൗൺ തീരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യനീക്കം ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ഹരിതകേരളം മിഷൻ ശ്രമിക്കുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും.

Comments are closed.