അതിഥി തൊഴിലാളികളെ കൈവിടാതെ പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകൾ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട അതിഥി തൊഴിലാളികളെ ചേർത്തുപിടിച്ച് അവർക്ക് വേണ്ട സംരക്ഷണം ഒരുക്കി പുത്തൂർ പാണഞ്ചേരി പഞ്ചായത്തുകൾ.
പുത്തൂർ പഞ്ചായത്തിനു കീഴിൽ വിവിധ വാർഡുകളിലായി ഏതാണ്ട് മൂവായിരത്തോളം അതിഥി തൊഴിലാളികളാണുള്ളത്. വിവിധ വ്യവസായ ശാലകളിലും കൂലിപ്പണി ചെയ്തും നിത്യവൃത്തിക്ക് വരുമാനം കണ്ടെത്തുന്നവർ. ഇവർക്ക് സുരക്ഷിത സ്ഥാനം ഒരുക്കുന്നതും ഭക്ഷണം ഒരുക്കുന്നതും പ്രയാസകരമായ സാഹചര്യത്തിലാണ് സമൂഹ അടുക്കളയിലൂടെ അവർക്ക് വേണ്ട ഭക്ഷണം നൽകാനും താമസ സൗകര്യം ഒരുക്കാനും ഈ പഞ്ചായത്തുകൾ ശ്രദ്ധ കാണിച്ചത്. ഇവരെ കരാറുകാരും കെട്ടിട ഉടമകളും ഈ തൊഴിലാളികളെ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ പോലീസിന്റെ സഹായവും തേടി.
വിവിധയിടങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്ന വയോധികർക്ക് സമയത്ത് ഭക്ഷണവും മരുന്നും എത്തിക്കാൻ സന്നദ്ധപ്രവർത്തകരും കർമ്മനിരതരായുണ്ട്. വാർഡുകൾ തോറും അംഗങ്ങളുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ഉണ്ട്. വീടുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കൾ ഇവർ വഴി എത്തിക്കാനും പാലിയേറ്റീവ് പരിചരണവും മുടക്കമില്ലാതെ നടക്കുന്നുണ്ട്. സാമൂഹിക പെൻഷൻ വിതരണം ഏതാണ്ട് പൂർത്തിയായി.
മലയോരമേഖലയായതിനാൽ എത്തിച്ചേരാൻ പ്രയാസം ഉണ്ടെങ്കിലും റാപ്പിഡ് റെസ്പോൺസ് ടീമുകൾ ഓരോ വീടുകളിലും എത്തി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണിത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 150 ഓളം അതിഥിത്തൊഴിലാളികൾക്കായി പട്ടിക്കാട് ഗവൺമെന്റ് എൽപി സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ഇവർക്കാവശ്യമായ ഭക്ഷണവും, വസ്ത്രവും മരുന്നും മറ്റു നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകി. ഇതിനു പുറമേ കിടപ്പുരോഗികൾ, വയോജനങ്ങൾ വിധവകൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. മരുന്നിനും ഭക്ഷണത്തിനുമാണ് പഞ്ചായത്ത് പ്രഥമ പരിഗണന നൽകി വരുന്നത്. മരുന്നുകൾ വാങ്ങുന്നതിനും മറ്റും വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സാമ്പത്തിക സഹായവുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. 241 പേരാണ് പഞ്ചായത്തിന് കീഴിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 80 മുതൽ 90 വരെ ആളുകൾക്ക് സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യുന്നു.
പഞ്ചായത്തിലെ 108 ആംബുലൻസ് കോവിഡ് 19 സെല്ലിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിതയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്ത് അംഗങ്ങളും വളരെ ക്രിയാത്മകമായ പ്രവർത്തനമാണ് നടത്തുന്നത്.
Comments are closed.