1470-490

അതിഥി തൊഴിലാളി ക്ഷേമം: സബ് കളക്ടർ നോഡൽ ഓഫിസർ


കോവിഡ് 19 വ്യാപനം തടയാൻ ലോക് ഡൗൺ നടപ്പിലാക്കിയ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ കളക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
തൊഴിലില്ലാത്തതും നാട്ടിൽ പോവാൻ പറ്റാത്തതുമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ പരിഭ്രാന്തി അകറ്റുവാൻ ആവശ്യമായ നടപടികൾ എടുക്കുന്നതിനായി സബ് കളക്ടറെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തി. എപിഡെമിക് ആക്ട് നിർദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് കളക്ടർ പ്രത്യേക ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അതിഥി തൊഴിലാളികൾ ക്കാവശ്യമായ ഭക്ഷണം, പാർപ്പിടം, മരുന്ന് എന്നിവ ഉറപ്പുവരുത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. കെട്ടിട ഉടമകൾ അതിഥി തൊഴിലാളികളുടെ വാടക ലോക് ഡൗൺ സമയത്ത് ഈടാക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം ലഭിക്കാതെ വന്നാൽ കമ്മ്യുണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകേണ്ടതാണ്. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ, തൃശൂർ കോർപറേഷൻ സെക്രട്ടറി, മുനിസിപ്പാലിറ്റി സെക്രട്ടറിമാർ, താലൂക്ക് തഹസിൽദാർ എന്നിവർ ക്യാമ്പുകളുടെ സ്ഥിതി വിലയിരുത്തേണ്ടതാണെന്നും നിർദേശം നൽകി. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള വിവരണ പട്ടികയിൽ ക്യാമ്പുകളുടെ എണ്ണം, അംഗങ്ങളുടെ എണ്ണം തുടങ്ങി നിർദ്ദേശിച്ചിട്ടുള്ള വിവരങ്ങൾ സബ്കളക്ടർക്കും, ജില്ലാ ലേബർ ഓഫിസർക്കും നൽകേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിർദേശങ്ങൾ വാർഡ് /ഡിവിഷനിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റി വഴി നൽകേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ലേബർ ഓഫിസർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്യാമ്പുകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിച്ചു ഉറപ്പുവരുത്തേണ്ടതാണ്. ക്യാമ്പുകളുടെ ക്രമീകരണങ്ങളിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അധികാരികളെ അറിയിക്കാവുന്നതാണ്. പ്രാഥമിക ഘട്ട വൈദ്യപരിശോധന ആയുഷ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തേണ്ടതാണ്. സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും ചേർന്ന് കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് ക്യാമ്പുകൾ അണുവിമുക്തമാണെന്നു ഉറപ്പുവരുത്തണം. മാനസിക സമ്മർദ്ദം അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ ഉത്തരവിൽ പറയുന്നു.

Comments are closed.