1470-490

മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു


വൈറസ് ബാധയുള്ളത് തിരൂര്‍ ആലിന്‍ചുവട് സ്വദേശിക്കും എടപ്പാള്‍ സ്വദേശിക്കും
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടുകാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുത്: ജില്ലാ കലക്ടര്‍

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്നലെ (ഏപ്രില്‍ 01) കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ തിരൂര്‍ ആലിന്‍ചുവട് സ്വദേശിയായ 51 കാരനും ഷാര്‍ജയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശിയായ 32 കാരനുമാണ് വൈറസ് ബാധ. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം 11 ആയി.
മാര്‍ച്ച് 18 നാണ് രോഗബാധ സ്ഥിരീകരിച്ച തിരൂര്‍ ആലിന്‍ചുവട് സ്വദേശി ജില്ലയിലെത്തിയത്. ദുബായില്‍ നിന്ന് ഐ.എക്‌സ് – 346 എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ രാത്രി 10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി ടാക്‌സിയില്‍ തിരൂര്‍ ആലിന്‍ചുവടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. മാര്‍ച്ച് 29 വരെ വീട്ടില്‍തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. 29ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സ്വന്തം കാറിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തി സ്വയം നിരീക്ഷണം തുടര്‍ന്നു. ഇന്നലെ (ഏപ്രില്‍ 01) ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി മാര്‍ച്ച് 19 നാണ്  ജില്ലയിലെത്തിയത്. ഷാര്‍ജയില്‍ നിന്ന് ഐ.എക്‌സ് – 354 എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ രാത്രി 10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി പന്താവൂര്‍ സ്വദേശിയായ യാത്രക്കാരനൊപ്പം ടാക്‌സിയില്‍ എടപ്പാളിലെ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണം ആരംഭിച്ചു. മാര്‍ച്ച് 30 വരെ വീട്ടില്‍തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. 30 ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇന്നലെ (ഏപ്രില്‍ 01) ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
വൈറസ് ബാധയുള്ള ഇരുവരും പൊതു സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും സ്വയം നിരീക്ഷണ കാലയളവില്‍ വീട്ടുകാരുമായി അടുത്ത് ഇടപഴകിയിരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തിരൂര്‍ ആലിന്‍ചുവട് സ്വദേശിയുടെ ഭാര്യ, മകന്‍, എടപ്പാള്‍ സ്വദേശിയുടെ മാതാവ് എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കിലും കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മാര്‍ച്ച് 18ന് രാത്രി 10ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐ.എക്‌സ് – 346 എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലും മാര്‍ച്ച് 19ന് രാത്രി 10ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐ.എക്‌സ് – 354 എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലും സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790