1470-490

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ റേഷൻ വിതരണം ആരംഭിച്ചു


സംസ്ഥാന സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നൽകുന്ന സൗജന്യ റേഷൻ വിതരണം കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ആരംഭിച്ചു. മണ്ഡല തല വിതരണോദ്ഘാടനം കൊടുങ്ങല്ലൂർ കാവിൽക്കടവിലെ എ.ആർ.ഡി. നമ്പർ 12 ൽ അഡ്വ വി ആർ സുനിൽകുമാർ എം എൽ എ റേഷനരി വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
തിരക്ക് ഒഴിവാക്കുവാൻ ടോക്കൺ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. അരിയും മറ്റും നൽകുമ്പോൾ കാർഡുടമയും വിതരണക്കാരനും തമ്മിൽ പരസ്പരം കരസ്പർശനം ഒഴിവാക്കുവാൻ പ്രത്യേക പെട്ടിയിൽ പിവിസി പൈപ്പ് ഘടിപ്പിച്ച് അതിലൂടെയാണ് സഞ്ചികളിലേയ്ക്ക് പകർന്ന് നൽകിയത്. വെള്ളവും സോപ്പും കടയുടെ മുന്നിൽ സജ്ജമാക്കിയിരുന്നു. രാവിലെ 9 മണി മുതൽ 1 മണി വരെ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് 35 പേർക്കും ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 മണി വരെ നീല, വെള്ള കാർഡുടമകൾക്ക് 35 പേർക്കുമാണ് റേഷൻ വിതരണം നടത്തിയത്. കൊടുങ്ങല്ലൂർ നഗരസഭയിലെ 32 റേഷൻ കടകൾ വഴി വിതരണം നടന്നു. ഒരു റേഷൻ കടയിൽ ശരാശരി 700 കാർഡുകളാണുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വാർഡ് കൗൺസിലറുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തിൽ തിരക്ക് ഒഴിവാക്കുവാനും നിശ്ചിത അകലം പാലിക്കുവാനും ശ്രമം നടത്തിയിരുന്നു. സിവിൽ ഡിഫൻസിന്റെ സന്നദ്ധ പ്രവർത്തകരും വളണ്ടിയർമാരായി രംഗത്തുണ്ടായിരുന്നതിനാൽ റേഷൻ വിതരണം സുഗമമായി നടത്തുവാൻ കഴിഞ്ഞതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. ഈ മാസം 20 വരെ റേഷൻ വിതരണം ഉണ്ടാകുമെന്നും ആരും തിരക്ക് കൂട്ടി റേഷൻ കടയിൽ എത്തേണ്ടതില്ലെന്നും ചെയർമാൻ പറഞ്ഞു. വാർഡ് കൗൺസിലർ രേഖസൽമ പ്രകാശ്, റേഷനിങ് ഇൻസ്പെക്ടർ സി.എ.ഷമ്മി എന്നിവർ സംബന്ധിച്ചു.

Comments are closed.