1470-490

സൗജന്യ റേഷന വിതരണം; ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട് ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. വാര്‍ഡ് മെമ്പര്‍, അങ്കണവാടി ഹെല്‍പ്പര്‍, പൊതുവിതരണകേന്ദ്രം ലൈസന്‍സി എന്നിവരുള്‍പ്പെടുന്ന റേഷന്‍കടതല മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

നിലവിലെ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. റേഷന്‍ കടയില്‍ എത്തുന്ന ഗുണഭോക്താവ് ഒരു മീറ്റര്‍ അകലം പാലിക്കണം. നില്‍ക്കേണ്ട സ്ഥലം വെള്ള പെയിന്റ് അല്ലെങ്കില്‍ വെള്ള പൗഡര്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യണം. ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ വരിയില്‍ നിര്‍ത്താന്‍ പാടില്ല. വരിസംവിധാനം ഉറപ്പു വരുത്താനായി ഒരു അങ്കണവാണി ഹെല്‍പ്പറെ ഓരോ റേഷന്‍ കടക്കു മുന്നിലും നിയോഗിക്കണം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് കര്‍ശനമായി പാലിക്കണം.
റേഷന്‍കടതല മാനേജ്‌മെന്റ് കമ്മറ്റിക്ക് പരിഹരിക്കാനാവാത്ത വിഷയങ്ങള്‍ വില്ലേജ് സ്‌ക്വാഡിനെ അറിയിക്കേണ്ടതും വില്ലേജ് സ്‌ക്വാഡ് തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. വില്ലേജ് സ്‌ക്വാഡിനും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ സ്ഥലം എസ് എച്ച് ഒ യുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കേണ്ടതാണ്. റേഷന്‍ സാധനങ്ങള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും തിരക്കു കൂട്ടേണ്ടെന്നുമുള്ള വിവരം തദ്ദേശസ്ഥാപനങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും അനൗണ്‍സെന്റ് വഴിയും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Comments are closed.