1470-490

വീതികുറഞ്ഞ വഴികൾ താണ്ടാൻ അഗ്നിരക്ഷാ സേനയുടെ ‘വാട്ടർ മിസ്റ്റ് ബുള്ളറ്റ്’


ദുർഘട സാഹചര്യങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സേവനം വേഗത്തിലെത്തിക്കാൻ ‘വാട്ടർ മിസ്റ്റ് ബുള്ളറ്റ്’ തൃശ്ശൂരിലും. വിവിധ സവിശേഷതകളുമായിട്ടാണ് അഗ്നിരക്ഷാ സേനയുടെ ഈ പുതിയ വാഹനമായ വാട്ടർ മിസ്റ്റ് ബുള്ളറ്റ് എത്തിയിരിക്കുന്നത്. തീപിടിത്തം ഉണ്ടാകുമ്പോൾ വീതി കുറഞ്ഞ ദുർഘടമായ പാതകൾ താണ്ടി സംഭവസ്ഥലത്ത് ആദ്യം എത്താനുള്ള സൗകര്യം ഇതിലുണ്ട്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ച നൂതന സംവിധാനത്തിലൂടെ ഏത് വഴിയിലൂടെയും അനായാസം നീങ്ങാൻ ഇതിന് സാധിക്കും.
എണ്ണ, വൈദ്യുതി, വാതകം എന്നിവയിലൂടെ ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം എന്ന അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങൾക്കു ശേഷം 500 സിസി ബുള്ളറ്റ്, വാട്ടർ മിസ്റ്റ് സൗകര്യങ്ങളോടെ ഇറക്കിയിട്ടുള്ളത്. രണ്ട് വശങ്ങളിലായുള്ള ടാങ്കുകളിൽ വെള്ളവും ഫോം കോംപൗണ്ടും ചെറിയ സിലിണ്ടർ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തും സൂക്ഷിച്ചിരിക്കുകയാണ്.
ഉന്നത മർദ്ദത്തിലുള്ള അന്തരീക്ഷ വായു ഉപയോഗിച്ച് വെള്ളത്തെയും ഫോമിനെയും ചെറുകണികകളാക്കിയാണ് തീ അണയ്ക്കുന്നത്. മിസ്റ്റ് രൂപത്തിൽ വേർതിരിഞ്ഞ കണികകൾ വെള്ളം പുറത്തേക്ക് വരുന്നതിനാൽ ഷോർട് സർക്യൂട്ട് ഉണ്ടാവുന്ന അവസരത്തിലും ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സൈറൺ, അനൗൺസ്മെന്റിനുള്ള സൗകര്യം, എമർജൻസി ലൈറ്റ് എന്നിവയും ബുള്ളറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.