1470-490

ക്ഷീര കർഷകർക്ക് ആശ്വാസവുമായി കൊടുങ്ങല്ലൂർ നഗരസഭ


ക്ഷീര കർഷകർക്ക് ആശ്വാസമായി കൊടുങ്ങല്ലൂർ നഗരസഭ. നഗരസഭയിലെ ക്ഷീര കർഷകർക്ക് 10 ലക്ഷം രൂപയാണ് ബോണസായി വിതരണം ചെയ്തത്. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ നിന്ന് ഈ ധനസഹായം ലഭിച്ചതിൽ ആഹ്ളാദത്തിലാണ് ക്ഷീര കർഷകർ. പാലുൽപാദന ബോണസായാണ് ഈ തുക വിതരണം ചെയ്തത്. കഴിഞ്ഞ വർഷമാണ് കൊടുങ്ങല്ലൂർ നഗരസഭ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭാ പരിധിയിലെ 260 ക്ഷീരകർഷകർക്കാണ് ഈ സാമ്പത്തികാനുകൂല്യം ലഭിച്ചത്. 75 രൂപ മുതൽ 38000 രൂപവരെ ബോണസ് ലഭിച്ച കർഷകരുണ്ട്. ഒരു ലിറ്റർ പാലിന് 4 രൂപ നിരക്കിലാണ് ബോണസ് നൽകുന്നത്. ഓരോ കർഷകനും പാൽ അളക്കുന്നതിന്റെ കണക്ക് ക്ഷീര കർഷക സംഘത്തിൽ നിന്ന് ലഭിക്കുന്നതിനനുസൃതമായാണ് പണം നൽകുന്നത്. കൂടുതൽ പാൽ അളക്കുന്നവർക്ക് ബോണസ് സംഖ്യ കൂടുതൽ ലഭിക്കും. 5000 മുതൽ 10,000 രൂപ വരെ ബോണസ് തുക ലഭിച്ചവരുണ്ട്. അർഹരായ ഗുണഭോക്താക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ ബോണസ് സംഖ്യ നിക്ഷേപിച്ചു കഴിഞ്ഞതായി ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു. ഈ വർഷം പശുവിനെ വാങ്ങുന്നതിന് 50,000 രൂപ വരെ ആനുകൂല്യം നൽകുന്ന പദ്ധതിയും കാലിത്തീറ്റ വാങ്ങുന്നതിന് സബ്സിഡി നൽകുന്ന പദ്ധതിയും കന്നുകുട്ടി പരിപാലന പദ്ധതിയും നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Comments are closed.