1470-490

കോവിഡ് പ്രവർത്തങ്ങൾക്കായി വീട് വിട്ടിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റ്


ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലിരിക്കുമ്പോൾ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വീട് വിട്ടിറങ്ങി മാതൃകയാവുകയാണ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്. മലക്കപ്പാറയിലെ സ്വന്തം വീട്ടിൽ നിന്ന് പഞ്ചായത്തിലേക്ക് എത്തിച്ചേരാൻ ഇപ്പോൾ കഴിയാത്ത സാഹചര്യത്തിൽ വെറ്റിലപ്പാറയിലേക്ക് താൽക്കാലികമായി താമസം മാറ്റി മുഴുവൻ സമയവും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഈ പ്രസിഡന്റ്. അതിരപ്പിള്ളിയിൽ നിന്നും 65 കിലോമീറ്റർ യാത്രചെയ്താലേ തങ്കമ്മക്ക് വീട്ടിൽ എത്താൻ സാധിക്കൂ. വാഹന സൗകര്യം നിലച്ച ഇപ്പോഴത്തെ അവസ്ഥയിൽ പോയി വരാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ മറികടന്നു
പഞ്ചായത്ത് പ്രസിഡന്റ് എന്ന തന്റെ ചുമതല നിർവഹിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തങ്കമ്മ വർഗീസ്. പൊതു വിതരണ സംവിധാനത്തിലൂടെ അരി വിതരണം ആരംഭിച്ചപ്പോൾ പഞ്ചായത്ത് പരിധിയിലെ ആറ് റേഷൻ കടകളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു ഉറപ്പ് വരുത്തി ചെയ്യണ്ട പ്രസിഡന്റ് ചെയ്തുവരുന്നു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാലയുടെ സഹോദരന്റെ വീട്ടിലാണ് പ്രസിഡണ്ടിന്റെ താൽക്കാലിക താമസം. ആൾ താമസമില്ലാത്ത വീട്ടിൽ വേണ്ട സൗകര്യങ്ങളെല്ലാം നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ഒരുക്കിത്. രണ്ടാഴ്ചയായി വെറ്റിലപ്പാറയിൽനിന്നാണ് പ്രസിഡന്റ് പഞ്ചായത്തിലേക്ക് എത്തുന്നത്. ശനിയാഴ്ച വൈകുന്നേരം മലക്കപ്പാറയിലെ വീട്ടിലേക്ക് പോയി ഞായറാഴ്ച വൈകുന്നേരം തിരിച്ചു വരുന്ന രീതിയാണിപ്പോഴുള്ളത്. അടിയന്തര ഘട്ടങ്ങളിൽ ഈ യാത്രയും ഒഴിവാക്കുന്നു. സാധാരണയായി രാവിലെ 7 മണിക്കുള്ള ബസിൽ മലക്കപ്പാറയിൽ നിന്നും തിരിച്ചു 10 മണിക്കുള്ളിൽ പ്രസിഡന്റ് പഞ്ചായത്തിൽ എത്തും. വൈകുന്നേരം 6 മണിക്കുള്ള ബസിൽ അതിരപ്പിള്ളിയിൽ നിന്നും കയറി രാത്രി 9 മണിക്ക് വീട്ടിൽ എത്തുന്നു. ദിവസവും അഞ്ചു മണിക്കൂർ ബസ് യാത്ര. 23 വർഷമായിപൊതുരംഗത്തു പ്രവർത്തിച്ചു വരുന്ന തനിക്ക് ഇപ്പോഴത്തെ താൽക്കാലിക വീട് മാറ്റത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുമില്ലെന്ന് പ്രസിഡന്റ് പറയുന്നു. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന പഞ്ചായത്ത് എന്ന നിലയിൽ കോവിഡ് 19 വൈറസ് ബാധ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താനും തന്റെ പഞ്ചായത്തും വിട്ടുവീഴ്ചക്കില്ലെന്നാണ് തങ്കമ്മ വർഗ്ഗീസിന്റെ നിലപാട്.

Comments are closed.