1470-490

കോവിഡ്19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,485 പേർ

ഒരാള്‍ക്ക് അസുഖം ഭേദമായി

കോവിഡ് 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (010420) ആകെ 21,485 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9 പേര്‍ ഇന്ന് പുതുതായി അഡ്മിറ്റായവരാണ്.

ഇന്ന് 11 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 254 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ അവശേഷിക്കുന്നത്. ഇന്നും ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാര്‍, സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ്19 മായി ബന്ധപ്പെട്ട് സ്ഥാപനങ്ങളില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി., ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീന്‍.എ. എന്നിവര്‍ പങ്കെടുത്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 201 പേര്‍ ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു.

കോവിഡ് ചികിത്സ പൂര്‍ണമായി
മെഡിക്കല്‍ കോളേജിലേക്കു മാറ്റി

ബീച്ച് ആശുപത്രി പൂര്‍വ്വസ്ഥിതിയിലേക്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ലഭ്യമായിരുന്ന കോവിഡ് 19 ചികിത്സ പൂര്‍ണമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. നേരത്തെ ബീച്ച് ആശുപത്രിയില്‍ ലഭിച്ചു കൊണ്ടിരുന്ന മറ്റെല്ലാ ചികിത്സകളും തുടര്‍ന്ന് ലഭിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

Comments are closed.