1470-490

കൊറോണ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ആക്കി അധ്യാപകരും സുഹൃത്തുക്കളും

കൊറോണ രോഗവ്യാപനത്തിന്റെ സർക്കാർ നൽകുന്ന വിവരങ്ങൾ – ചാർട്ടുകൾ, ഗ്രാഫുകൾ, മാപ്പുകൾ, നമ്പറുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കി കാസർകോട്  ഗവ. കോളേജ് അധ്യാപകരും സുഹൃത്തുക്കളും. covid19kerala.info എന്ന വെബ് വിലാസത്തിലാണ് കേരളത്തിലെ കൊറോണ ബാധയുടെ വിശദവിവരങ്ങൾ നൽകുന്നത്.

കൊറോണ ആദ്യം റിപ്പോർട്ട് ചെയ്ത സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ ഏകീകരിക്കുക എന്ന ലക്ഷ്യമാണ് വെബ്സൈറ്റിൽ എത്തിച്ചതെന്ന് പിന്നണിക്കാരനും കാസർകോട് ഗവ.കോളേജ് ഫിസിക്സ് അധ്യാപകനുമായ ഡോ. ജിജോ പി ഉലഹന്നാൻ പറഞ്ഞു. ജപ്പാനിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്ന നിഷാദ് തലഹത് വഴി ജപ്പാനിലെ  കൊറോണ വിവരങ്ങൾ ലഭ്യമാക്കുന്ന covid19japan.com എന്ന വെബ് സൈറ്റ് ക്ലോൺ ചെയ്ത് മാറ്റങ്ങൾ വരുത്തിയാണ് സൈറ്റ് നിർമ്മിച്ചത്.  

കാസർകോട് ഗവ.കോളേജിലെ പൂർവ വിദ്യാർത്ഥിയായ യു.ജീവനാണ് സൈറ്റ് ക്ലോൺ ചെയ്ത് ഡിസൈൻ ചെയ്ത് എടുത്തത്. ഇവർക്കൊപ്പം ഫിസിക്സ് അധ്യാപകനായ ഡോ. എ വി പ്രദീപ്, ജിയോളജി അധ്യാപകനായ കെ ജലീൽ, നിഖിൽ നാരായണൻ, ശ്രീഹരി, സനീഷ് ചെങ്ങമനാട്, പ്രേം പ്രഭാകർ, സൂരജ് പി സുരേഷ്, സി.ശ്രീകാന്ത്, മുസാഫിർ എന്നിവരടങ്ങിയ ടീമാണ് വെബ് സൈറ്റ് പ്രവർത്തനങ്ങൾക്ക് പിന്നിൽ. എല്ലാവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഓപ്പൺ സോഴ്സ് ആയിട്ടാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. കോറോണയുടെ വ്യാപ്തിയെ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ  രോഗവ്യാപ്‌തി വ്യക്തമാക്കുന്ന കേരളത്തിന്റെ മാപ്പ്, സംസ്ഥാനത്ത് രോഗം വ്യാപിച്ചതിന്റെ ഗ്രാഫ്, ദിവസേനയുള്ള രോഗബാധയുടെ ഗ്രാഫ്, ജില്ല തിരിച്ചുള്ള രോഗബാധിതരുടെയും രോഗം ഭേദമായവരുടെയും പട്ടിക തുടങ്ങിയ വിവരങ്ങൾ ദൃശ്യ രൂപത്തിൽ  സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നു.

വാട്സാപ്പ്, ടെലഗ്രാം എന്നീ മെസഞ്ചറുകളിലൂടെ ജോലികൾ ഏകോപിപ്പിക്കുകയും സർക്കാർ ലഭ്യമാക്കിയ രോഗികളുടെ വിവരങ്ങൾ ഗൂഗിൾ ഷീറ്റ് വഴി സൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായിട്ടുള്ള സൈറ്റിൽ നിന്നും ഒരു മിനിറ്റിനുള്ളിൽ തന്നെ എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുകയും ചെയ്യുന്നു.  

Comments are closed.