1470-490

സമൂഹ അടുക്കള സജീവം: 381 അതിഥി തൊഴിലാളികൾക്ക് അന്നം നൽകി എറിയാട് പഞ്ചായത്ത്


എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള സജീവം. ഇവിടെ നിന്ന് അന്യസംസ്ഥാന തൊഴിലാളികളായ 381 പേർക്കാണ് ദിവസേന ഭക്ഷണം നൽകുന്നത്. പഞ്ചായത്തിലെ അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിന് പുറമെയാണിത്. 381 പേരിൽ 248 പേർ അഴീക്കോട് വില്ലേജിലും 133 പേർ എറിയാട് വില്ലേജിൽ നിന്നുമാണ്. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്ന് തുടർച്ചയായ മൂന്ന് ദിവസവും ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകി. തുടർന്ന് അവരുടെ ഭക്ഷ്യരീതിയ്ക്കനുസരിച്ചുള്ള ഭക്ഷ്യധാന്യക്കിറ്റുകൾ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്ത് ദിവസത്തേക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളാണ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിതരണം ചെയ്തത്.
സമൂഹ അടുക്കളയുടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ദിവസേന 100 പേർക്ക് ഭക്ഷണം നൽകാമെന്ന് വിചാരിച്ചിരുന്നെങ്കിലും അന്യസംസ്ഥാനതൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയതോടെ സംഖ്യ ഉയർന്നു. അടുക്കളയിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ സമാഹാരണത്തിനായി സുമനസുകളുടെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കേരള പ്രവാസി സംഘം അഴീക്കോട് മേഖല, എറിയാട് മണപ്പാട് ഫൗണ്ടേഷൻ എന്നിവർ സഹായഹസ്തവുമായെത്തി. കുടുംബശ്രീകൾ വഴിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഓരോ വാർഡുകളിലും എഡിഎസ്, സിഡിഎസ് എന്നിവർക്കാണ് പാചകത്തിന്റെ ചുമതല. ഓരോ വാർഡിൽ നിന്നും പത്തു വളണ്ടിയർമാരെ വീതം 23 വാർഡുകളിൽ നിന്നായി 230 വളണ്ടിയർമാരെ അടുക്കളയുടെ പ്രവർത്തനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് മൂന്നു പേരെ വീതമാണ് ഭക്ഷണ വിതരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അഴീക്കോട്, എറിയാട് പ്രദേശത്തേക്കായി വെവ്വേറെ വാഹനങ്ങളും വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുപ്രവർത്തകരും സമൂഹ അടുക്കളയുടെ പ്രവർത്തനത്തിൽ സജീവമാണ്.
പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി എ സബാഹ്, സിഡിഎസ് ചെയർപേഴ്‌സൺ വിനീത ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ, കേരള പ്രവാസി സംഘം അഴീക്കോട് മേഖല സെക്രട്ടറി സിദ്ദിഖ് ചാലിൽ, മണപ്പാട്ട് ഫൗണ്ടേഷൻ പ്രതിനിധി നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നത്.

Comments are closed.