1470-490

കുറുപ്പടിക്ക്‌ മദ്യം : സർക്കാർ ഡി അഡിക്ഷൻ സംവിധാനങ്ങളെ പരിഹസിക്കുന്നു.

മലപ്പുറം : നിയന്ത്രിക്കാൻ കഴിയാത്ത മദ്യാസക്തിക്ക്‌ മറുമരുന്ന് മദ്യമാണെന്ന സർക്കാർ നിരീക്ഷണം അസംബന്ധവും അശാസ്ത്രീയവും സംസ്ഥാനത്തെ ഡീ അഡീക്ഷൻ സംവിധാനങ്ങളെ പരിഹസിക്കുന്നതിന്‌ തുല്യവുമാണെന്ന് ലഹരി നിർമ്മാർജ്ജന യുവജന സമിതി സംസ്ഥാന ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. 64.5 കോടിയോളം വിമുക്തി മിഷൻ വഴി ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‌ വർഷം ചിലവിടുന്ന സർക്കാറിന്റെ ആത്മാർത്ഥത പൊതു സമൂഹത്തിന്‌ ബോധ്യമായി. മദ്യ വർജ്ജനമാണ്‌ തങ്ങളുടെ നയമെന്ന് പ്രകടന പത്രികയിലടക്കം അവതരിപ്പിച്ച സംസ്ഥാന സർക്കാർ ഭീതിയുടെ നാളുകളിൽ വിഡ്ഢിത്വം വിളമ്പുകയാണ്‌. ഐ.എം.എയും കെ.ജി.എം.ഒ യും സർക്കാരിന്റെ മെഡിക്കൽ എത്തിക്സിന്‌ വിരുദ്ധമായ നിർദ്ദേശം തള്ളിക്കളയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒരു ആരോഗ്യ ഉപദേഷ്ടാവിനെ കൂടി മുഖ്യമന്ത്രിക്ക്‌ ആവശ്യമാണെന്ന് നേതാക്കൾ പരിഹസിച്ചു. മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കി മദ്യ വർജ്ജന ക്യാമ്പയിൻ നടപ്പിലാക്കാൻ സർക്കാറിന്‌ ബാധ്യതയുണ്ടെന്നും ലഹരി നിർമ്മാർജ്ജന യുവജന സമിതി സംസ്ഥാന നേതാക്കന്മാരായ വി.കെ.എം ഷാഫി, ടി.പി.എം മുഹ്സിൻ ബാബു, ഷഫീഖ്‌ വടക്കൻ, ഷാനവാസ്‌ തുറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ചു.

Comments are closed.