1470-490

തോമസ് ഐസകിന്റെ വിദ്വേഷ പ്രചരണം വീഴ്ചകള്‍ മറച്ചുവെക്കാനുള്ള പാഴ്ശ്രമം: എസ്.ഡി.പി.ഐ

തിരുവനന്തപുരം: കൊറോണ ഭീതിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മൂലം പ്രയാസപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയും അശ്രദ്ധയും മറയ്ക്കാനാണ് മന്ത്രി തോമസ് ഐസക് വിദ്വേഷ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നതെന്നും വസ്തുതാ വിരുദ്ധമായ പരാമര്‍ശം പിന്‍വലിക്കാനുള്ള മാന്യത മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസിധരന്‍ പള്ളിക്കല്‍ അഭിപ്രായപ്പെട്ടു. പ്രളയഫണ്ട് പോലും കൈയിട്ടുവാരിയ പാര്‍ട്ടി സഖാക്കളെ പോലെയാണ് പൊതുജനങ്ങള്‍ എന്ന് ധരിക്കരുത്.കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. രോഗവ്യാപനവും കൂട്ടമരണവുമാണ് ലക്ഷ്യമെന്ന തോമസ് ഐസക്കിന്റെ പ്രസ്താവന ആരെ പ്രീതിപ്പെടുത്താനാണ്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തെന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കൊണ്ടും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ബില്‍ഡിംഗിന്റെ ഉടമസ്ഥരോട് ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ടും പദ്ധതി നടപ്പിലാവില്ല. സര്‍ക്കാരിന്റെ ഈ വീഴ്ച മറയ്ക്കാന്‍ വിഡ്ഢിവേഷം കെട്ടുന്ന പണി മന്ത്രി എന്ന നിലയില്‍ തോമസ് ഐസക് അവസാനിപ്പിക്കണം. മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും പ്രസ്താവനകളുടെ തുടര്‍ച്ച ഏറ്റെടുക്കുന്നത് ബി.ജെ.പി നേതാക്കളാണെന്നത് പൊതുസമുഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.