1470-490

കഷ്ടാനുഭവ ആഴ്ച്ചയിലെ ചടങ്ങുകളിൽ വിശ്വാസി പങ്കാളിത്തം ഒഴിവാക്കി മലങ്കര ഓർത്തഡോക്സ് സഭ.

സീറോ മലബാർ സഭയ്ക്ക് പിന്നാലെ കഷ്ടാനുഭവ ആഴ്ച്ചയിലെ ചടങ്ങുകളിൽ വിശ്വാസി പങ്കാളിത്തം ഒഴിവാക്കി മലങ്കര ഓർത്തഡോക്സ് സഭയും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങളെ മാനിച്ചാണ് വിശുദ്ധ വാരചടങ്ങുകളിൽ നിന്ന് വിശ്വാസി പങ്കാളിത്തം ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ സഭ പരമാധ്യക്ഷൻ പൗലോസ് ദ്വീതിയൻ കാതോലിക്കാബാവ പുറത്തിറക്കി. നാൽപ്പതാം വെള്ളിയാഴ്ച്ച മുതൽ ഉയിർപ്പു ഞായർ വരെയുള്ള കാലം സഭയെ സംബന്ധിച്ച് അതി പ്രാധാനമായതിനാൽ നിബന്ധനകൾ പാലിച്ചു കൊണ്ട് ശുശ്രൂഷകൾ ക്രമീകരിക്കണമെന്ന് കാതോലിക്കാ ബാവ സർക്കുലറിൽ വ്യക്തമാക്കുന്നു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ശുശ്രൂഷകൾ നടത്തേണ്ടതാണ്. മെത്രാൻമാർ ഭദ്രാസന ചാപ്പലുകളിലോ അല്ലെങ്കിൽ അവർ ഇപ്പോൾ ഉള്ള സ്ഥലത്തെ പള്ളികളിലോ കുർബ്ബാന അർപ്പിക്കണം. വൈദികർ ഇടവക പള്ളികളിൽ നാലിൽ കൂടാത്ത ശുശ്രൂഷകരുടെ മാത്രം സാന്നിധ്യത്തിൽ ശുശ്രൂഷകൾ നിർവ്വഹിക്കേണ്ടതാണ്. പ്രധാന കർമ്മികരും ശുശ്രൂഷകരും ഇക്കാലയളവിൽ പള്ളിമുറിയിൽ തന്നെ താമസിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പെസഹാ വ്യാഴാഴ്ച്ചയിലെ കാൽ കഴുകൽശുശ്രൂഷ പിതാക്കൻമാർ ഒഴവാക്കണം. ഉചിതമായ സമയക്രമം പാലിച്ച് കൊണ്ട് ശുശ്രൂഷകൾ നടത്തണം. പ്രദക്ഷണങ്ങൾ ദേവാലയത്തിനുള്ളിൽ കാർമ്മികനും ശുശ്രൂഷകരും ചേർന്ന് നടത്തിയാൽ മതിയാകും. ഇടവകകളിലെ ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം നടത്തി വിശ്വാസികളിൽ എത്തിക്കണം. പരുമല പള്ളി പോലെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിൽ ഇടവകാംഗങ്ങൾ സജീവമായി പങ്കുചേരണം. ഉയർപ്പ് പെരുന്നാൾ വരെയുള്ള ശുശ്രൂഷകൾ സംബന്ധിച്ച് പൊതുവായ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നുമെങ്കിലും അധികാരികൾ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായി പാലിക്കുവാനും പൊതു നിർദ്ദേശങ്ങളോട് ചേർന്ന് ഭദ്രാസന മെത്രാപ്പോലീത്താമാർ നൽകുന്ന മാർഗ്ഗനിർദേശങൾ ഉൾകൊണ്ട് പ്രവർത്തിക്കണമെന്നും കാതോലിക്കാ ബാവ പുറത്തിറക്കിയ സർക്കുലറിലൂടെ വ്യക്തമാക്കുന്നുണ്ട്.

Comments are closed.