കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തൃശൂർ ഇറിഗേഷൻ ഡിവിഷൻ

തൃശൂർ മെഡിക്കൽ കോളേജിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പീച്ചി വലതുകര കനാൽ തുറന്നിട്ടു. ജില്ലാ ഇറിഗേഷൻ വകുപ്പാണ് ജല സംഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. മെഡിക്കൽ കോളേജ് വരെയുള്ള പീച്ചി കനാലിന് ഏകദേശം 60 കിലോമീറ്റർ നീളമുണ്ട്. അത്രയും പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് കൂടി ഈ ജലവിതരണം പരിഹാരമാകും. അവിടുത്തെ കുളങ്ങൾ നിറഞ്ഞതിനുശേഷം ഉത്തംകുളങ്ങര, കോലഴി, വിയ്യൂർ, വിൽവട്ടം, ചേറൂർ, രാമവർമ്മപുരം പോലീസ് അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലേക്കും ബ്രാഞ്ച് കനാലുകൾ വഴി വെള്ളം നൽകും. തുടർന്ന് ചിറക്കക്കോട് നിന്ന് ഒല്ലൂക്കര ബ്രാഞ്ച് കനാലിലൂടെ വെള്ളം തിരിച്ചു വിട്ട് മുടിക്കോട്, നടത്തറ, പടവരാട്, ചിയാരം, കാളത്തോട് പ്രദേശങ്ങളിലും കൊഴുക്കുള്ളി, നെട്ടിശ്ശേരി ബ്രാഞ്ചുകളിലൂടെയും ജലവിതരണം പൂർത്തീകരിക്കും. ഒരുദിവസം കനാലിലൂടെ 60 കോടി ലിറ്റർ വെള്ളമാണ് ഇറിഗേഷൻ വകുപ്പ് വിതരണം ചെയ്യുന്നത്.
കനാലുകൾ കൃത്യമായി പരിശോധിക്കാൻ കഴിയുന്നില്ല. കനാലിൽ വരുന്ന ബ്ലോക്കുകൾ ഉടനടി നീക്കം ചെയ്യാൻ കഴിയാതെ വരുന്നതും കനാലിലൂടെ മാലിന്യങ്ങൾ വരുന്നതും ജലവിതരണത്തെ ബാധിക്കുന്നുണ്ട്. കനാലിലെ മാലിന്യങ്ങൾ എടുത്തു മാറ്റാനായി പരിശീലനമുള്ള തൊഴിലാളികൾ തന്നെ വേണമെന്നിരിക്കേ കോൺട്രാക്ടർമാർക്ക് തൊഴിലാളികളെ എത്തിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണമുണ്ട്. ജല വിതരണ പ്രവർത്തനങ്ങൾ സുഖമമാക്കാൻ ജില്ലാ ഇറിഗേഷൻ വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ. ബാലശങ്കർ പറഞ്ഞു.
Comments are closed.