1470-490

കോവിഡ് 19: തൃശൂർ ജില്ലയിൽ 20588 പേർ നിരീക്ഷണത്തിൽ


ജില്ലയിൽ കോവിഡ് ബാധിതനായി ഒരാൾ കൂടി. 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുൾപ്പെടെ 6 പേരാണ് അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആകെ എണ്ണം 20588 ആണ്. 2753 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ 20541 പേരും ആശുപത്രികളിൽ 47 പേരും ആണ് നിരീക്ഷണത്തിലുളളത്. പുതുതായി 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ചൊവ്വാഴ്ച (മാർച്ച് 31) 25 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 692 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 655 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 349 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ശക്തൻ മാർക്കറ്റിൽ ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയും ഉൾപ്പെടെ 2175 പേരെ സ്‌ക്രീൻ ചെയ്തു. സെൻട്രൽ ജയിൽ, കെഎസ്ഇബി സബ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ അഗ്നിശമന വിഭാഗം, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അണുവിമുക്തമാക്കി. ആർഎംഒ ക്വാർട്ടേഴ്‌സ് അടിയന്തിര സാഹചര്യം നേരിടാൻ കഴിയും വിധം വാസയോഗ്യമാക്കി. അഗതികളെ പാർപ്പിച്ച കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൈദ്യസഹായവും സ്‌ക്രീനിങ്ങും ഏർപ്പെടുത്തി. അതിഥി തൊഴിലാളികൾക്കും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Comments are closed.