1470-490

കോവിഡ് 19: പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും


കോവിഡ് 19 വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് മാസത്തെ സ്റ്റാറ്റിയൂട്ടറി പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ,ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആളുകൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാനാണ് പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. അതത് വില്ലേജ് ഓഫീസുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. പെൻഷൻ തുക കൈപ്പറ്റുന്നതിന് ബാങ്ക് ട്രാൻസ്ഫർ ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ സമർപ്പിക്കണം. ഇത് നേരിട്ടോ വാർഡ്തലത്തിൽ രൂപീകരിച്ചിട്ടുളള റാപ്പിഡ് റസ്‌പോൺസ് ടീം വഴിയോ ചെയ്യാം. ഇതോടൊപ്പം ഒരു ചെക്ക് ലീഫ്, ചെക്കിന് പുറകിൽ പെൻഷണറുടെ പേര്, അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐഎഫ്എസ് കോഡ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ കൂടി രേഖപ്പെടുത്തണം. തുടർന്ന് വില്ലേജ് ഓഫീസർ ട്രഷറിയിലേക്ക് ചെക്കുകൾ കൈമാറും. കമ്മീഷൻ ഈടാക്കാതെ തന്നെ ട്രഷറിയിൽ നിന്ന് പെൻഷൻകാരുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക കൈമാറും.
ഇന്ന് (ഏപ്രിൽ 1) ആരംഭിക്കുന്ന റേഷൻ വിതരണത്തിനും ആൾക്കൂട്ടം ഒഴിവാക്കുന്നതിനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്ത്യോദയ, മുൻഗണന വിഭാഗങ്ങൾ രാവിലെ 9 മുതൽ 1 മണി വരെയുളള സമയത്തും എൻപിഎസ്, എൻപിഎംഎസ് വിഭാഗങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 5 മണി വരെയുളള സമയത്തും റേഷൻ വാങ്ങണം. റേഷൻ കടയിൽ തിരക്കും ആൾക്കൂട്ടവും രൂപപ്പെടാൻ അനുവദിക്കില്ല. മതിയായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചിട്ടുളളതിനാൽ റേഷൻ ലഭിക്കില്ലെന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. റേഷൻകടകൾക്ക് മുന്നിൽ അടച്ചിടൽ നിബന്ധനകൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ പോലീസിനെ നിയോഗിക്കും. ഹാൻഡ് സാനിറ്റൈസറും കൈ കഴുകുന്നതിനുളള സൗകര്യവും ഏർപ്പെടുത്തും.
ചൊവ്വാഴ്ച സമൂഹ അടുക്കളക്കൾ വഴി 18455 ഭക്ഷണപൊതികൾ ജില്ലയിൽ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുളള എ, ബി, സി പ്ലാൻ അനുസരിച്ച് മതിയായ തോതിൽ ഐസോലേഷൻ വാർഡുകളും വെന്റിലേറ്റർ സൗകര്യവും ഇതിനകം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രികളിൽ നിന്ന് മറ്റ് രോഗികളെ ഒഴിപ്പിക്കുന്നുവെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് വിപ് കെ രാജൻ പറഞ്ഞു.
ഡൽഹി-നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേർ ജില്ലയിൽ നിന്നുളളവരാണ്. മാർച്ച് 12 ന് തിരിച്ചെത്തിയ ഇവരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതാണെന്നും ഇതു വരെ രോഗ ലക്ഷണങ്ങളില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Comments are closed.