1470-490

കോവിഡ് 19: വയോജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ


കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വയോജനങ്ങൾക്ക് ജില്ലാ സാമൂഹിക നീതി വകുപ്പും മെയിന്റനൻസ് ട്രിബ്യൂണലും പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തഹസിൽദാർ, സ്റ്റേഷൻ ഹൗസ്, ഓഫീസർമാർ, ആരോഗ്യ വകുപ്പ് അധികൃതർ, എന്നിവർക്ക് വയോജന സംരക്ഷണം നൽകുന്നതിനായി തൃശൂർ സബ്കളക്ടർ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രിബ്യൂണൽ ഓഫീസർ ലതിക സി എന്നിവർ പ്രത്യേക മാർഗനിർദേശങ്ങൾ നൽകി. വയോജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ (9447074424) നൽകി. ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങളുടെ താമസം, ഭക്ഷണം, മരുന്ന്, ചികിത്സ അവശ്യ സാധനങ്ങൾ എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ, ബോധവൽക്കരണം എന്നിവ ആരോഗ്യപ്രവർത്തകർ വഴി നടത്തേണ്ടതാണ്. വയോജനങ്ങൾക്ക് പുറത്ത് പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവശ്യസാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുവാനും അവരെ വീടുകളിൽ തന്നെ നിലനിർത്തുവാനുമുള്ള സാഹചര്യം ഒരുക്കണം. താമസ സൗകര്യം ഇല്ലാതെ പുറത്ത് തെരുവുകളിലും, കട വരാന്തകളിലും കഴിയുന്ന വയോജനങ്ങളെ ക്യാമ്പ് / താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി അവർക്ക് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചു സംരക്ഷണം ഉറപ്പാക്കുക. മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിനനുസരിച്ച് മാറ്റി പാർപ്പിക്കേണ്ടതാണ്. പൊതുജനങ്ങൾ വൃദ്ധമന്ദിരം സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വാർധക്യ പെൻഷൻ വീടുകളിൽ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. വയോജനങ്ങളിൽ അസുഖ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യവകുപ്പ് അധികൃതർ അവശ്യ നടപടികൾ സ്വീകരിക്കേണ്ടതാണ്. വയോജനങ്ങളുടെ സുരക്ഷാ, സംരക്ഷണം എന്നിവ സംബന്ധിച്ച് പോലീസ് നിതാന്ത ജാഗ്രത പുലർത്തേണ്ടതാണെന്നും മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

Comments are closed.