1470-490

ആളും ആരവവും ഒഴിഞ്ഞ് പറപ്പൂക്കാവ് പൂരം

ആളും ആരവവും ഒഴിഞ്ഞ് ക്ഷേത്ര ചടങ്ങകളിലൊതുങ്ങി കേച്ചേരി പറപ്പൂക്കാവ് പൂരം.കൊറോണ രോഗബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ച സാഹചര്യത്തിലാണ് കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചടങ്ങുകൾ മാത്രമായി നടത്തിയത്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ക്ഷേത്രത്തിൽ പൂരത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ നടന്നത്. ഞായറാഴ്ച്ച വൈകീട്ട് ക്ഷേത്രത്തിൽ അടിയന്തിര കളം നടന്നു. തിങ്കളാഴ്ച്ച രാവിലെ നടതുറക്കലിന് ശേഷം ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ശ്രീഭുത ബലി, ശീവേലി എന്നി ചടങ്ങുകളാണ് നടന്നത്. തുടർന്ന് വൈകീട്ട് ദീപാരാധന,ചുറ്റു വിളക്ക് തുടങ്ങിയ ചടങ്ങുകളും നടന്നു. ഈ വർഷം മുതൽ രണ്ട് ദിവസങ്ങളിലായി പൂരം നടത്തുന്നതിന് ദേവസ്വം തീരുമാനമെടുത്തിരുന്നു. 29 ന് വേലവരവും, നാടൻ കല രൂപങ്ങളും, പാരമ്പര്യ അവകാശികളുടെ ആഘോഷങ്ങളും നടത്തുന്നതിനും 30 ന് പ്രാദേശിക കമ്മിറ്റികളുടെ പൂരാഘോഷം നടത്തുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ സർക്കാർ നിർദ്ദേശങ്ങളെ തുടർന്ന് ദേവസ്വം ഭാരവാഹികൾ പൂരാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം നിറുത്തി വെയ്ക്കുകയായിരുന്നു. ജില്ലയിലെ തന്നെ പ്രസിദ്ധമായ പൂരമായ പറപ്പൂക്കാവിലെ പൂരാഘോഷം ഇക്കുറി വാദ്യവും, മേളവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരോ, ആളോ, ആരവമോ ഒന്നും തന്നെയില്ലാതെ ക്ഷേത്ര ചടങ്ങുകൾ നടത്തി അവസാനിപ്പിക്കുകയായിരുന്നു. സർക്കാർ നിർദ്ദേശാനുസരണം ആരാധനാലയങ്ങളിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളതിനൽ പൂരത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല.  ആയിരങ്ങളുടെ കണ്ണിനും കാതിനും കുളിരേകിയിരുന്ന പൂരത്തിന്റെ വർണ്ണക്കാഴ്ച്ചയും, നാദ വിസ്മയങ്ങളും ഇല്ലാതെ ആളൊഴിഞ്ഞ ക്ഷേത്രാങ്കണത്തെ സാക്ഷിയാക്കി കൊടിയിറങ്ങുന്ന പൂരം ചരിത്രത്തിലാണിടം നേടിയത്.

Comments are closed.