1470-490

ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ : എ സി മൊയ്തീൻ


സുരക്ഷിതർ : എ സി മൊയ്തീൻ
ജില്ലയിൽ 20000 ത്തോളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ തോപ്പ് സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക് ഡൗൺ വരുന്നതിനു മുമ്പും ശേഷവും വൈറസ് ബാധ തടയുന്നതിനുള്ള കരുതലോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് എന്ന് മന്ത്രി പറഞ്ഞു. ഇതിനുവേണ്ടി കോർപ്പറേഷനും മുനിസിപ്പാലിറ്റികളും മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളും വിശ്രമ രഹിതമായി പ്രവർത്തിച്ചു വരുന്നു. അതിഥി സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കി വരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ വിവിധ കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം വരുന്ന തൊഴിലാളികൾ സുരക്ഷിതരാണ്. അവർക്ക് വേണ്ട ഭക്ഷണം, വസ്ത്രം, മരുന്ന് എല്ലാം എത്തിച്ചുകൊടുക്കുന്നു. സ്വയം പാചകം ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികളും ഭക്ഷണസാധനങ്ങളും കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുന്നു.
ഇവർക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷയും ഈ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തുന്നു. അതിഥി സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇപ്പോൾ ആർക്കും തന്നെ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോർപ്പറേഷൻ പരിധിയിൽ ഇപ്പോൾ 5 സമൂഹ അടുക്കളകളാണ് പ്രവർത്തിക്കുന്നത്. തോപ് സ്‌കൂളിന് പുറമെ അയ്യന്തോൾ മേഖലക്കായി ഒളരി ഗവ സ്‌കൂളിലും, ഒല്ലൂർ മേഖലക്കായി പനംകുറ്റിച്ചിറ ഗവ സ്‌കൂളിലും, ഒല്ലൂക്കര മേഖലയിൽ സോണൽ ഓഫീസിലും, വിൽവട്ടം മേഖലയിൽ ആനപ്പാറ സ്നേഹവീട്ടിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നു. ദിനംപ്രതി മൂന്ന് നേരമായി 1500 പേർക്ക് ഭക്ഷണം നൽകി വരുന്നു. കോർപറേഷന്റെ ക്യാമ്പുകളും, സമൂഹ അടുക്കളയും മാതൃകാ പരമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ലോക്ക് ഡൗൺ വന്നതിനുശേഷം ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ല. പച്ചക്കറികൾ ആവശ്യത്തിന് വരുന്നുണ്ട.് മരുന്നും ലഭ്യമാക്കുന്നുണ്ട്.
ജനങ്ങൾ അനാവശ്യമായി വാഹനങ്ങൾ എടുത്തു പുറത്തിറങ്ങി നടക്കരുതെന്നും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കാൻ വേണ്ട നടപടികൾ ജില്ലയിലുണ്ടെ ന്നും മന്ത്രി അറിയിച്ചു. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, കോർപ്പറേഷൻ സെക്രട്ടറി പി രാധാകൃഷ്ണൻ, കോർപ്പറേഷൻ സി ഡി എസ് മെമ്പർ സെക്രട്ടറി ബിനു, കൗൺസിലർമാരായ അനൂപ് കരിപ്പാൽ, അനൂപ് ഡേവിസ് കാട തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.