1470-490

വീടുകളിൽ ആരോഗ്യ ഇൻഷുറൻസ്; നഗരത്തിൽ വാട്ടർ എടിഎമ്മുകൾ; നൂതന പദ്ധതികൾക്ക് പണം വകയിരുത്തി ബജറ്റ്

കൊടുങ്ങല്ലൂർ നഗരസഭയിലെ എല്ലാ വീടുകളിലും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുവാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ എ.ടി.എം. സ്ഥാപിക്കുവാനും കൊടുങ്ങല്ലൂർ നഗരസഭയുടെ 2020-21 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേററിൽ നിർദ്ദേശം. നഗരസഭ പ്രദേശത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കുവാനും 7 കോടി രൂപ ചെലവിൽ നഗരസഭ ഓഫീസ് സമുച്ചയം നിർമ്മിക്കുവാനും നിർദ്ദേശമുണ്ട്. ആശാ വർക്കർമാർ മുഖേന എല്ലാ വീടുകളും സന്ദർശിച്ച് ജീവിത ശൈലി രോഗ പരിശോധന നടത്തും. ലഹരിക്ക് അടിമപ്പെട്ടവർക്കായി ഡീ- അഡിക്ഷൻ സെന്ററുകൾ, സഞ്ചരിക്കുന്ന ആശുപത്രി, 80 ലക്ഷം രൂപ ചെലവിൽ സ്റ്റേഡിയം എന്നിവ നിർമ്മിക്കും.
നഗരസഭയുടെ കീഴിലുള്ള രണ്ട് ബസ് സ്റ്റാന്റുകളും സംയോജിപ്പിച്ച് വിപുലപ്പെടുത്തും. നഗരസഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കും.
വനിതകൾക്കായി നീന്തൽ, ഡ്രൈവിങ്, കായിക,പരിശീലനവും ഹെൽത്ത് ക്ലബ്, പുരുഷൻമാർക്കായി പബ്ലിക് ജിംനേഷ്യം, വിവിധ ഗെയിംസ് പരിശീലനം എന്നിവയും നടപ്പാക്കും.
പുല്ലൂറ്റ് വില്ലേജിൽ മെഡിക്കൽ സബ് സെൻറർ, നേരത്തെയുള്ള പദ്ധതിയിൽ ഉൾപ്പെട്ട 1081 വീടുകൾ കൂടാതെ ഭവനരഹിതർക്ക് 104 വീടുകൾ കൂടി നിർമ്മിച്ച് നൽകും.
3 കോടി രൂപ ചെലവിൽ ചാപ്പാറയിൽ പ്ലാനറ്റോറിയം, കെ കെ ടി എം കോളേജിൽ ഇൻഡോർ സ്റ്റേഡിയം, നഗരത്തിൽ നാലിടങ്ങളിലായി വിശപ്പ് രഹിത കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും.
2020-21 ലെ ബജറ്റ് എസ്റ്റിമേറ്റും 2019 -20 ലെ പുതുക്കിയ ബജറ്റും വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ കെ ആർജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അംഗങ്ങളുടെ ചർച്ചകൾ ഒഴിവാക്കി ലഘു ചടങ്ങാക്കി മാറ്റി. അംഗങ്ങൾക്ക് നിർദ്ദേശങ്ങളും ഭേദഗതികളും എഴുതി നൽകാവുന്നതാണെന്ന് ചെയർമാൻ കെ ആർജൈത്രൻ അറിയിച്ചു.112,70,72,126 രൂപ അടങ്കലും 109,44,51,758 രൂപ ചെലവും 3,26, 20,368 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റിൽ പാലിയേറ്റീവ് കെയറിന് 28 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 14, 50,000 രൂപയും, കൃഷിക്ക് 35,10,000 രൂപയും ദുരന്തനിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവക്ക് 90 ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 1 കോടി 72 ലക്ഷം രൂപയും കോവി ഡ് പ്രതിരോധം, താലൂക്കാശുപത്രിയുൾപ്പെടെ ആരോഗ്യ മേഖലക്ക് 1 കോടി 82 ലക്ഷം രൂപയും കുടിവെള്ളത്തിന് 17 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുളളത്.
ഭിന്നശേഷിക്കാർക്ക് 50 ലക്ഷം രൂപയും മാലിന്യ സംസ്‌ക്കരണം, ശുചിത്വം മേഖലകൾക്ക് 87ലക്ഷം രൂപയും നീക്കിവെച്ചതായി ചെയർമാൻ അറിയിച്ചു.

Comments are closed.