1470-490

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

തൃശൂർ: ജില്ലയിലെ കർഷകർക്ക് ഉൽപാദന വരുമാന വർദ്ധനവിന് അനുഗുണമാകുന്ന നിരവധി പുതിയ പദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ 2020-2021 വർഷത്തേക്കുളള ബജറ്റ് അവതരിപ്പിച്ചത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച്, കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ പ്രതിരോധം പണിയുന്ന ജില്ലയുടെ സമഗ്ര വികസനത്തിനുതുകുന്ന വിധം സർവതല സ്പർശിയായ ബജറ്റാണിത്. 120.99 കോടി രൂപ വരവും 119.86 കോടി രൂപ ചെലവും 1.14 കോടി രൂപ മിച്ചവുമുളളതാണ് ബജറ്റ്.
കോൾ മേഖലയിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മോട്ടോർ, പമ്പുസൈറ്റുകൾ എന്നിവയ്ക്ക് പകരം വെർട്ടിക്കൽ, ആക്‌സിയൽ ഫ്‌ളോ, പമ്പ് തുടങ്ങിയ ആധുനികവും അധിക ശേഷിയുളളതുമായ പമ്പ് സെറ്റുകൾ വിതരണം ചെയ്യുന്ന തുടർ പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തി. നെൽകർഷകർക്ക് സമാശ്വാസമാകുന്ന കൂലി ചെലവിന് സബ്‌സിഡി നൽകുന്നതിനായി 1.75 കോടി രൂപയും വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി 1.5 കോടി രൂപയും ജൈവ പച്ചക്കറികൃഷി വ്യാപിക്കുന്നതിനായി ജീവന പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി.
ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്കായി 1 കോടി രൂപയും ബ്ലു ആർമി പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും നീക്കി വെച്ചു.
കോവിഡ് 19 വ്യാപന സാഹചര്യത്തിൽ പകർച്ചവ്യാധി നിയന്ത്രണത്തിനായി 50 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണമേഖലയിൽ കാലികളുടെ വന്ധ്യതാ നിവാരണത്തിനായി 25 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകാൻ 1.5 കോടി രൂപയും മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്കായി 15 ലക്ഷം രൂപയും മത്സ്യകർഷകരുടെയും ഉൾനാടൻ മത്സ്യതൊഴിലാളികളുടെയും മത്സ്യം വിപണന ലളിതമാക്കാൻ ലൈവ് ഫിഷ് മാർക്കറ്റ് ശൃംഖലയ്ക്കായി 25 ലക്ഷം രൂപയും വകയിരുത്തി.
വിദ്യാഭ്യാസരംഗത്ത് ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കാൻ 5 കോടി രൂപയും ഫർണീച്ചറുകൾക്കായി 50 ലക്ഷം രൂപയും സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം മാതാപിതാക്കൾക്ക് നേരിട്ട് ലഭ്യമാക്കാൻ എസ്എംഎസ് പദ്ധതിക്കായി 10 ലക്ഷം രൂപയും ടീൻ കെയർ സെന്ററുകൾക്കായി 15 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
ആരോഗ്യരംഗത്തെ ഉന്നമനത്തിനായി ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ 70 ലക്ഷം രൂപയും ആയൂർവേ ആശുപത്രിയിലും ഗ്രാമീണ ആയുർവേദ ഡിസ്‌പെൻസറികളിലും ചികിത്സാ സൗകര്യം ഒരുക്കുന്നതിന് 35 ലക്ഷം രൂപയും ജില്ലാ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിനായി 35 ലക്ഷം രൂപയും വകയിരുത്തി. ക്യാൻസർ ചികിത്സക്കായി തുടങ്ങിയ കാൻ തൃശൂർ പദ്ധതിയുടെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും നീക്കിവെച്ചു.
വിശപ്പുരഹിതകേരളം പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ 10 ലക്ഷം രൂപയും വയോ ക്ലബുകൾ രൂപീകരിക്കാൻ 15 ലക്ഷം രൂപയും ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും പ്രധാന ജില്ലാ റോഡുകളുടെയും അരികത്ത് പൊതു ടോയ്‌ലറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക് എന്ന പദ്ധതിക്കായി 25 ലക്ഷം രൂപയും നീക്കിവെച്ചു.
കുടുംബശ്രീയുടെ ശാക്തീകരണത്തിനായി ചെറുതുരുത്തിയിൽ ഷീ ലോഡ്ജും കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെയും നിർമ്മാണത്തിന് 3.5 കോടി രൂപയും ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി സ്‌കൂൾ മേഖലയിലെ വിദ്യാർത്ഥിനികൾക്കായി കൗൺസലിങ് നൽകുന്ന സ്‌നേഹിത@സ്‌കൂൾ പദ്ധതിക്കായി 10 ലക്ഷം രൂപയും വനിത ഫിറ്റ്‌നെസ് സെന്ററുകൾക്ക് 25 ലക്ഷം രൂപയും സർക്കാർ വിദ്യാലയങ്ങളിലെ ഫിറ്റ്‌നെസ് സെന്ററുകൾക്കായി 50 ലക്ഷവും ഹാപ്പി ഹോം പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി.
കൂടാതെ പട്ടികജാതി സമഗ്രവികസനത്തിന് 5 കോടി രൂപയും പഠനമുറി പദ്ധതിക്ക് 3 കോടി രൂപയും തെരുവുകൾ വീതി കൂട്ടുന്നതിന് 50 ലക്ഷം രൂപയും വായനശാലകൾക്കായി 10 ലക്ഷം രൂപയും പട്ടിക ജാതി ആവാസ മേഖലയിലെ റോഡ് നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 2 കോടി രൂപയും ഈ ബജറ്റിൽ നീക്കി വച്ചു. പട്ടികവർഗ്ഗവിഭാഗത്തിൽ കൂടാരം പദ്ധതിക്കായി 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആമുഖഭാഷണം നടത്തി.

Comments are closed.