1470-490

വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

അതിഥിതൊഴിലാളികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്തും
ഭക്ഷണവും താമസസൗകര്യവുമുൾപ്പെടെ, അതിഥിതൊഴിലാളികൾക്ക് അടച്ചിടൽ സമയപരിധിയിൽ സുരക്ഷിതമായി ജീവിക്കുന്നതിനുളള സൗകര്യങ്ങൾ ജില്ലാഭരണകൂടം ഉറപ്പുവരുത്തും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കി. തൊഴിൽവകുപ്പിന്റെ കണക്കനുസരിച്ച് 42000 അതിഥി തൊഴിലാളികളാണ് ജില്ലയിലുളളത്. ഇതിൽ പകുതിയോളം പേർ അടച്ചിടൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ അവരവരുടെ നാടുകളിലേക്ക് മടങ്ങി. തൃശൂർ റൂറൽ പോലീസ് ജില്ലയിൽ 12060 പേരും സിറ്റിയിൽ 9189 പേരും നിലവിൽ താമസിക്കുന്നവെന്നാണ് പോലീസ് കണക്കാക്കുന്നത്. ഇവരുടെ ഭക്ഷണത്തിനും താമസത്തിനുമുളള ക്രമീകരണം തദ്ദേശസ്ഥാപനങ്ങളും തൊഴിൽവകുപ്പും നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുളളതാണ്. അത് കൂടുതൽ ഫലപ്രദമാക്കും. അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർ അവരുടെ ബാധ്യതയിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം തൊഴിലാളികളെ കൈയ്യൊഴിയാൻ തൊഴിലുടമകളെയും കരാറുകാരെയും അനുവദിക്കില്ല. കരാറുകാർക്ക് നിയമപരമായുളള ബാദ്ധ്യത നിറവേറ്റുക തന്നെ വേണം. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടെന്ന വ്യാജപ്രചാരണം നടത്തുകയും അവർക്കിടയിൽ ഭീതി പടർത്തുകയും ചെയ്യുന്ന സാമൂഹ്യമാധ്യമ സന്ദേശങ്ങൾ പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായും വിവരമുണ്ട്. അതിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വാടക വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളോട് വാടക ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യം തടയും. തൽക്കാലം വാടക ഈടാക്കാതിരിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർ വീട്ടടുമസ്ഥരുമായി സംസാരിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലേക്കുളള വെളളവും വൈദ്യുതിയും ഉറപ്പുവരുത്തും. മണ്ണെണ്ണ, ഗ്യാസ്, സ്റ്റൗ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതിനുളള സാമഗ്രികളും ലഭ്യമാണെന്ന് ഉറപ്പു വരുത്തും. തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിൽ 100 പേർക്ക് ഒരു അടുക്കള എന്ന നിലയിൽ സൗകര്യം ഏർപ്പെടുത്തും. തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണകൾ പടർത്താൻ ബോധപൂർവ്വമായ ശ്രമം ഉണ്ടെന്നാണ് നിഗമനം. ഇത്തരം നീക്കങ്ങൾ കർശനമായി നേരിടാനാണ് തീരുമാനം.
സബ് കളക്ടർ അഫ്‌സാന പർവ്വീൺ, സിറ്റി പോലീസ്, കമ്മീഷണർ ആർ ആദിത്യ, ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.