1470-490

കോവിഡ് 19 പ്രതിരോധം: തൃശൂർ ജില്ലയിൽ 104 സമൂഹ അടുക്കളകൾ


കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടൽ നടപടികൾ നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ കുടുംബശ്രീ സമൂഹ അടുക്കളകളുടെ പ്രവർത്തനം സജീവം. കോർപ്പറേഷനിലും നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലുമായി ഇതിനോടകം 104സമൂഹ അടുക്കളകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഗ്രാമ പ്രദേശങ്ങളിൽ 88, നഗര പരിധിയിൽ 10, കോർപറേഷനിൽ 6 ഉം കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തനമാരംഭിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനവും കുടുംബശ്രീയും ചേർന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്. നഗരസഭകളിൽ അതിവേഗം സമൂഹ അടുക്കളയുടെ സേവനം പെതു ജനങ്ങൾക്ക് ലഭ്യമാക്കാനാണ് നഗരസഭകളും കുടുംബശ്രീയും ശ്രമിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നായി തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവരും സ്വന്തമായി പാചകം ചെയ്യാത്തവരും കൂടുതലായി താമസിക്കുന്നതിനാലാണ് നഗരസഭകളിൽ അടിയന്തര പ്രാധാന്യത്തോടെ അടുക്കള സജ്ജമാക്കിയത്. ഇടത്തരക്കാർ, ഫ്‌ളാറ്റുകളിലെ താമസക്കാർ എന്നിവർക്ക് ഉൾപ്പെടെ അടുക്കളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ആവശ്യക്കാരെ മൂന്ന് തട്ടുകളായി തിരിച്ചാണ് ഭക്ഷണത്തിന്റെ വിതരണം. തീർത്തും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുമെങ്കിലും ഇടത്തരക്കാർ, ഉയർന്ന വരുമാനക്കാർ എന്നിവരിൽ നിന്ന് ഉച്ചഭക്ഷണത്തിന് 20 രൂപ വീതം ഒരു ഭക്ഷണപൊതിക്ക് ഈടാക്കും. വീടുകളിലെത്തിച്ച് നൽകുന്നതിന് 5 രൂപ അധികമായും ഈടാക്കും. രാവിലെയും വൈകീട്ടുമുളള ഭക്ഷണത്തിന് സാധാരണ നിരക്ക് ഈടാക്കും. ഭക്ഷണ വിതരണത്തിന് വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി വിതരണശൃംഖല ശക്തമാക്കിയിട്ടുണ്ട്. ഓരോ സമൂഹ അടുക്കളയിലും മുന്നോ നാലോ കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകും. ജില്ലയിൽ ഇതോടെ നാനൂറോളം കുടുംബശ്രീ പ്രവർത്തകർ കമ്യൂണിറ്റി കിച്ചന്റെ ഭാഗമാകും. സൗജന്യ ഭക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് കണ്ടെത്തണം.
ഓരോ കുടുംബശ്രീ സംരംഭക ഗ്രൂപ്പുക്കൾക്കും ഇതിനായി 50,000 രൂപ സർക്കാർ നൽകുന്നുണ്ട്. ഈ തുക ലഭിക്കാത്ത പക്ഷം കുടുംബശ്രീകൾക്ക് നൽകിയിട്ടുള്ള അഞ്ച് ലക്ഷം എസ്റ്റർ പ്രൈസ് ഫണ്ടിൽ നിന്ന് ഒരു വ്യക്തിക്ക് 50000 രൂപയോ ഒരു സംരംഭക യൂണിറ്റിന് ഒന്നര ലക്ഷം വരെയോ വായ്പയായി എടുക്കാം. ഓരോ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനും സമൂഹ അടുക്കള നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.

Comments are closed.