1470-490

തിരുന്നാവായ ശുദ്ധജല പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായി.

കുടിവെള്ള വിതരണം നാളെ (തിങ്കൾ) ആരംഭിക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ

വളാഞ്ചേരി: തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിഹരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കുടിവെള്ള വിതരണം നാളെ (തിങ്കൾ)ആരംഭിക്കുമെന്നും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

എടക്കുളത്ത് റെയിൽവേ പാതക്ക് താഴെക്കൂടി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ
തിരുന്നാവായ കുടിവെള്ള പദ്ധതി നിലച്ചിട്ട് മാസങ്ങളായിരുന്നു. കോട്ടക്കൽ മണ്ഡലത്തിലെ മാറാക്കരയിൽ കേരള വാട്ടർ അതോറിറ്റി നേരിട്ടും , കുറ്റിപ്പുറം പഞ്ചായത്തിൽ ജലനിധി പദ്ധതിയിലൂടെയുമാണ് ജലവിതരണം നടത്തുന്നത്.കൂടാതെ തിരുന്നാവായ, ആതവനാട് പഞ്ചായത്തുകളിലേക്കുo പദ്ധതിയിലൂടെ ജലവിതരണം നടക്കുന്നുണ്ട്. പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്നാണ് പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം നിലച്ചത്. റെയിൽവേയുടെ അനുമതി ലഭിക്കേണ്ടതിനാലാണ് കാലതാമസമെടുത്തത്. കുടിവെള്ള വിതരണം മുടങ്ങിയത്
കഴിഞ്ഞ നവംബറിൽ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയമസഭയിൽ ഉന്നയിക്കുകയും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എം.എൽ.എ. റെയിൽവേ ചെന്നൈ റീജിയണൽ ഓഫീസ്, പാലക്കാട് ഡിവിഷണൽ ഓഫീസ്
വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി പിന്നീടും പ്രശ്ന പരിഹാരത്തിനായി നിരന്തമായി ബന്ധപ്പെട്ടിരുന്നു. എല്ലാ മാസവും കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗങ്ങളിൽ എം.എൽ.എ പ്രവൃത്തി പുരോഗതി സംബന്ധിച്ച് കൃത്യമായി വിലയിരുത്തുകയും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.
കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിനിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് പരിഹരിക്കുവാൻ ശ്രമിച്ചെങ്കിലും റെയിൽവേ ട്രാക്കിനടിയിൽ സ്ഥാപിച്ച പൈപ്പിലാണ് ചോർച്ച എന്നതിനാൽ പെട്ടെന്ന് പരിഹാരം കാണുവാൻ സാധിച്ചിരുന്നില്ല. ഇരു ഭാഗത്തുമുള്ള ചോർച്ച പരിഹരിക്കുവാൻ റെയിൽവെ അധികൃതർ അനുമതി നൽകാത്തതിനാൽ പ്രസ്തുത ഭാഗം ഒഴിവാക്കി പുതിയതായി പണി കഴിപ്പിച്ച മേൽപ്പാലത്തിനടിയിലൂടെ ബൈപ്പാസ് ചെയ്ത് പൈപ്പ് സ്ഥാപിക്കുവാനാണ് 1.77 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അന്ന് അനുമതി നൽകുകയും ചെയ്തിരുന്നു.
1.77 കോടി രൂപയുടെ ചെലവ് വരുന്ന എസ്റ്റിമേറ്റിന് സ്റ്റേറ്റ് പ്ലാൻ 2019-20 ൽ ഉൾപ്പെടുത്തിയാണ്
പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ഇന്ന് രാവിലെ 8 മണിക്ക് പമ്പിംഗ് സ്റ്റാർട്ട് ചെയ്യുമെന്ന് അധികൃതർ എം.എൽ.എ യെ അറിയിച്ചു. മാസങ്ങളായി ജലവിതരണം മുടങ്ങിക്കിടന്നതിനാൽ ജല ശുദ്ധീകരണ പ്ലാൻ്റും ടാങ്കുകളും വൃത്തിയാക്കിയതിന് ശേഷം ഉപഭോക്താക്കൾക്ക് ജലവിതരണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Comments are closed.