തഴുതിട്ട കാലം

ലോഹിതാക്ഷന്‍ പുന്നശ്ശേരി
അടച്ചിടാം വാതില്‍ അകലം പാലിക്കാം
അകന്നിരുന്നുകൊണ്ടടുക്കട്ടെ മനം ;
പുറംലോകം കണ്ട് കരുത്തെന്നോര്‍ത്തു നാം
കുരുത്ത സ്വപ്നങ്ങള്‍ അലിഞ്ഞു കണ്ണീരില്‍ !
അടുത്തിരിക്കുവാന്‍ പറഞ്ഞത് കേള്‍ക്കാ –
തടക്കിവെക്കുവാന്‍ തിടുക്കം കൂട്ടി നാം ;
പൊരുതിനേടിനാമനേകമിന്നലെ
കരുതി വെച്ചവര്‍ മറന്നൂ ജീവിക്കാന്‍
പുറത്ത് തേടേണ്ട വഴിതുടങ്ങുന്ന —
തകത്ത്നിന്നാണെന്നറിഞ്ഞില്ല നമ്മള്‍ !
ഉലക്ഭേദിക്കുമനേകമായുധം
കരത്തിലേന്തുന്ന നിരായുധര്‍ നമ്മള്‍
ചെറുതിനെക്കാളും ചെറുതിന് മുമ്പില്‍
വിറച്ചുനില്പായി വിഷാദഭൂമിയില്‍ !
സകലപ്രാണികള്‍ വസിക്കേണ്ടും ലോകം
ഉരുളയാക്കുമ്പോളറിഞ്ഞില്ല നമ്മള്‍ ;
അതിഭയമല്ല ഉണര്‍വ്വിന്‍ ജാഗ്രത
അതിജീവിക്കുവാന്‍ പിറന്നവര്‍ നമ്മള്‍
പുറത്ത് ജീവന്‍റെ വിളക്ക് കാക്കുവാന്‍
ഉണര്‍ന്നിരിപ്പുണ്ട് ചില മാലാഖമാര്‍ !
കരുതിടാമവര്‍ക്കൊരു സ്നേഹച്ചെണ്ട്
കരം വിട്ടേക്കുക വിഫലമാം തൊണ്ട് !
ഒരു പിടിയന്നം വിശപ്പിന് വേണം ,
ഒരിത്തിരിയെല്ലാം മറന്നുറങ്ങണം ,
ഒരു ചിരിയുടെ നിലാവ് കാണണം ,
ഒരു ജന്മത്തിന്‍റെ ചെറുമോഹമിത്ര !
അകംകാഴ്ചയുടെ എഴുന്നള്ളത്തുള്ളില്‍ ,
അകമണിനാദം മധുരസംഗീതം !
സകലജീവികള്‍ക്കൊരേ മഹീതലം ,
പലതുകളുടെയൊരുമയുത്സവം !
കരുതിജീവിക്കാം കരുത്തിലൊന്നാവാം
മറക്കാതുണ്ടല്ലോ കനല്‍തന്ന കാഴ്ച !
ഉണര്‍ത്തൂര്‍ജ്ജത്തിനാലുതിര്‍ന്ന മുത്തുകള്‍
കൊരുത്തുഷസ്സിനായൊരു സര്‍ഗ്ഗഹാരം !!
അകത്തൊരീശന്‍റെ തുണയുണ്ട് നമ്മള്‍
കൊതിച്ചതൊക്കെയും സഫലമായ് വരും !!
Comments are closed.